തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കുമെതിരെ നടന്ന ആക്രമണക്കേസിൽ മുൻ നഗരസഭാ കൗൺസിലർ ഐ.പി. ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി.
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ച രാത്രി ബിനുവിന്റെ വസതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക തെരച്ചിലും നടത്തിയിരുന്നു.
പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ.പി. ബിനു മ്യൂസിയം പൊലീസിന് മുന്നിലാണ് കീഴടങ്ങിയത്. കീഴടങ്ങുന്ന വിവരം അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെയും അറിയിച്ചിരുന്നു.
“പിടിക്കപ്പെട്ടതല്ല, പിടികൊടുത്തതാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ബിനുവിന്റെ പ്രതികരണം.
ഇതിനിടെ കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണക്കേസിൽ ഇതുവരെ 16 പേരെ പ്രതിചേർത്തിട്ടുണ്ട്. പ്രതികളായ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ് എന്നിവർ ഇപ്പോഴും ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
English Summary: Former councillor I.P. Binu surrendered before police in connection with the attack on Enforcement Directorate officials and vehicles following the ED raid at opposition leader Pinarayi Vijayan’s residence in Thiruvananthapuram.
