ബേൺ: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 31-കാരനായ സ്വിസ്–തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ആക്രമണത്തിന് തീവ്രവാദ പ്രേരണയുണ്ടാകാമെന്ന സൂചന ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.
28, 43, 52 വയസ്സുള്ള മൂന്ന് പുരുഷന്മാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ 52-കാരന്റെ തുടയിൽ ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആക്രമണത്തിനിടെ പ്രതി മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികൾ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിൽ മുൻപ് പങ്കെടുത്തെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ നിയമനടപടികൾ ഉണ്ടായിരുന്നുവെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
സംഭവം നടന്ന അഞ്ച് മിനിറ്റിനകം സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാനായതായി പൊലീസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
English Summary: Three people were injured in a knife attack at Winterthur railway station in Switzerland. Police arrested a 31-year-old Swiss-Turkish man and are investigating possible extremist motives behind the incident.
