facebook

111ാം വയസിലും ചുറുചുറുക്കോടെ വാംഗ്; ദീർഘായുസിന്റെ ശീലങ്ങൾ

2 Min Read

ബെയ്ജിംഗ്: 111ാം വയസിലും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ കഴിയുന്ന ചൈനീസ് വയോധിക 111കാരി വാംഗ് ഗൈയിംഗ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ റുഗാവോ സ്വദേശിയായ വാംഗിന്റെ ലളിതമായ ജീവിതശൈലിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നൂറുവയസിന് മുകളിലുള്ളവർ കൂടുതലായി ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് റുഗാവോ. അഞ്ച് തലമുറകൾ ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് വാംഗ് ഇപ്പോൾ കഴിയുന്നത്.

111കാരി വാംഗ് ഇപ്പോഴും സജീവം

നൂറാം വയസിന് ശേഷവും നിലക്കടലയും തണ്ണിമത്തനും വിളവെടുക്കുന്ന ജോലികളിൽ വാംഗ് സജീവമായിരുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും മാനസികമായ ഉണർവും ഊർജവും ഇപ്പോഴും നിലനിർത്തുന്നുവെന്നാണ് റിപ്പോർട്ട്.

തനിക്ക് പ്രായമായതായി കണക്കാക്കുന്നില്ലെന്ന് വാംഗ് പലപ്പോഴും പറയാറുണ്ട്. 60 വയസ്സുള്ള കൊച്ചുമകൻ ഉൾപ്പെടെ അഞ്ച് തലമുറകളാണ് കുടുംബത്തിലുള്ളത്.

വീട്ടുജോലിയും മിതമായ ഭക്ഷണവും

വാംഗിന്റെ ദിനചര്യയിലെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധേയമാണ്. വസ്ത്രങ്ങൾ മടക്കിവയ്ക്കുന്നതുൾപ്പെടെയുള്ള ചെറിയ വീട്ടുജോലികൾ ഇപ്പോഴും സ്വയം ചെയ്യാറുണ്ട്.

ശരീരം അനങ്ങിക്കൊണ്ടിരിക്കുന്നത് കൈകാലുകളുടെ ആരോഗ്യത്തിനും രക്തയോട്ടത്തിനും ഗുണകരമാണെന്നാണ് വാംഗിന്റെ വിശ്വാസം. അതേസമയം, ഭക്ഷണത്തിൽ മിതത്വം പാലിക്കുന്നതും അവരുടെ പ്രധാന ശീലമാണ്.

12 മണിക്കൂർ രാത്രി ഉറക്കം; പകൽ വിശ്രമവും

ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങളാണ് വാംഗിന് കൂടുതൽ ഇഷ്ടം. അമിതമായി ഭക്ഷണം കഴിക്കാറില്ലെന്നും പറയുന്നു.

രാത്രി ഏഴ് മണിയോടെ ഉറങ്ങാൻ കിടക്കുന്ന വാംഗ് രാവിലെ ഏഴ് മണിവരെ ഉറങ്ങും. കൂടാതെ ദിവസത്തിൽ ഒന്നോ രണ്ടോ തവണ ചെറിയ പകൽ ഉറക്കവും പതിവാണ്.

മനസമാധാനത്തിനും പ്രാധാന്യം

അനാവശ്യ കാര്യങ്ങളിൽ ദേഷ്യപ്പെടാതിരിക്കുകയും ആരോടും പ്രതികാരം ചെയ്യാതിരിക്കുകയും ചെയ്യുന്നതും വാംഗിന്റെ ജീവിതത്തിലെ പ്രധാന ശീലങ്ങളാണ്.

ദിവസവും കുറഞ്ഞത് ഒരു നല്ല കാര്യമെങ്കിലും ചെയ്യണമെന്നതാണ് അവർ പിന്തുടരുന്ന മറ്റൊരു ജീവിതനിയമം. ലളിതമായ ജീവിതരീതിയാണ് തന്റെ ആരോഗ്യത്തിന് സഹായകരമെന്നാണ് വാംഗിന്റെ നിലപാട്.

റുഗാവോയിൽ നൂറുവയസുകാർ ഏറെ

ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകരുടെ അഭിപ്രായത്തിൽ റുഗാവോയിലെ ധാതുസമ്പന്നമായ മണ്ണും ഇവിടെ ലഭിക്കുന്ന കാർഷികവിളകളും പ്രദേശവാസികളുടെ ദീർഘായുസുമായി ബന്ധപ്പെട്ടിരിക്കാം.

കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം റുഗാവോയിൽ മാത്രം 100 വയസിന് മുകളിൽ പ്രായമുള്ള 672 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതും നഗരത്തെ ദീർഘായുസുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ശ്രദ്ധേയമാക്കുന്നു.

Share This Article