താമരശ്ശേരി (കോഴിക്കോട്): താമരശ്ശേരിക്ക് സമീപം അമ്പായത്തോട് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ–ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ ഡൈനിങ് ഹാളിൽ അവശനിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.
തുടർന്ന് സമീപവാസികളുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു യുവതിയുടെ അപ്രതീക്ഷിത മരണം.
വിവരമറിഞ്ഞെത്തിയ താമരശ്ശേരി പൊലീസ് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് സഹായം ലഭ്യമാണ്. ഇന്ത്യയിലെ മാനസികാരോഗ്യ ഹെൽപ്‌ലൈൻ Tele-MANAS: 14416 അല്ലെങ്കിൽ 1-800-891-4416 എന്ന നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാം. സഹായം തേടുന്നത് ധൈര്യത്തിന്റെ അടയാളമാണ്.
English Summary:
A 22-year-old woman, Nandana Pradeep, was found dead at her residence in Ambayathode near Thamarassery in Kozhikode district. She was rushed to Thamarassery Taluk Hospital but could not be saved. The incident occurred while preparations for her engagement were reportedly underway. Police have initiated an investigation and shifted the body to Kozhikode Medical College Hospital for post-mortem examination.
