ഇറാനിൽ കനത്ത ആക്രമണവുമായി യു. എസ്; കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു; കപ്പലുകൾക്ക് നേരെ വെടിയുതിർക്കുമെന്ന് മുന്നറിയിപ്പ്

2 Min Read

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ വിവിധ ഭാഗങ്ങളിൽ യുഎസ് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയത്.

നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്നത്.

യുഎസ് ആക്രമണം കടുപ്പിച്ചതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും ഇതോടെ പൂർണ്ണമായി നിർത്തിവെച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലുകൾക്കുനേരെയും വെടിവയ്ക്കുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകി. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെ ഇറാൻ റവല്യൂഷനറി ഗാർഡ് ലക്ഷ്യമിട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിലവിൽ ശക്തമായ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ഇറാനെതിരെ ശക്തമായ സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആക്രമണ പരമ്പരകൾ ഒരു രാത്രികൊണ്ട് അവസാനിക്കുന്നതല്ലെന്ന സൂചന നൽകിയ അദ്ദേഹം, സൈനിക നടപടികൾ തുടരുമ്പോഴും യുഎസുമായി ഒരു നയതന്ത്ര കരാറിലെത്താൻ ഇറാന് ഇപ്പോഴും അവസരമുണ്ടെന്നും വ്യക്തമാക്കി.

ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചതായും രാജ്യത്തെ ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായും യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ പല ഭാഗങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, തെക്കൻ നഗരങ്ങളായ സിരിക്, മിനാബ്, തന്ത്രപ്രധാന ദ്വീപുകളായ ഖേഷ്ം, ഹെംഗം, വടക്കൻ നഗരമായ ഗോർഗാൻ എന്നിവിടങ്ങളിലാണ് വ്യോമാക്രമണത്തെ തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടായത്. ഇതിനിടയിൽ ഇറാന് നേരെ പറന്നുയർന്ന യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ തങ്ങളുടെ റവല്യൂഷനറി ഗാർഡ് മിസൈൽ തൊടുത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു.

English Summary

Iran has launched retaliatory attacks on US military bases in the Middle East following consecutive US airstrikes ordered by President Donald Trump. Consequently, Iran blocked the strategic Strait of Hormuz, halting all maritime traffic. Amid ongoing explosions across several Iranian cities, Kuwait has temporarily closed its airspace.

Share This Article