കോട്ടയം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ജില്ലയിൽ കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു. ഇതോടെ മത്സ്യവിലയിൽ വൻ വർധനയാണ് അനുഭവപ്പെടുന്നത്. ഇതിനിടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ ഒരാഴ്ചത്തേക്ക് ഇറച്ചിവിൽപ്പനശാലകൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ഇതോടെ മീനും മാംസവും ഒരുപോലെ ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുമെന്ന ആശങ്ക ഉയരുകയാണ്.
ട്രോളിംഗ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്തി, അയല, കിളി, കൊഴുവ തുടങ്ങിയ ചെറിയ ഇനം മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 150 മുതൽ 300 രൂപ വരെ വില ഈടാക്കുന്നുണ്ട്.
കാലവർഷത്തിന്റെ തുടക്കത്തിൽ ഊത്തപിടിത്തം സജീവമായതോടെ പുല്ലൻ, വാള, കാരി, കൂരി, മുശി, പരൽ, വയമ്പ് തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യത വർധിക്കുകയും വില കുറയുകയും ചെയ്തിരുന്നു. എന്നാൽ ചെറുമത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഊത്തപിടിത്തവും നിരോധിച്ചു.
മഴ ശക്തമായതോടെ കായൽമത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇടത്തരം കരിമീന് കിലോയ്ക്ക് 500 മുതൽ 650 രൂപ വരെ വില ഉയർന്നു. മുരശ്, വാള, കൂരി, കായൽ കാളാഞ്ചി, കായൽ വറ്റ തുടങ്ങിയ മത്സ്യങ്ങളുടെയും വില വർധിച്ചിട്ടുണ്ട്.
മാംസ വിപണിയിലും സമാന പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ മാംസ സംസ്കരണ ഫാക്ടറികൾ വർധിച്ചതോടെ കേരളത്തിലേക്കുള്ള കാലിവരവ് കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ആരോഗ്യവകുപ്പിന്റെ കർശന നിബന്ധനകളും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതായും അവർ ആരോപിക്കുന്നു. ഇതോടെ മാട്ടിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപ വരെ എത്തിയിട്ടുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ ഒരാഴ്ചക്കാലം കോട്ടയം ജില്ലയിലെ മീറ്റ് സ്റ്റാളുകൾ അടച്ചിടാൻ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വിപണിയിൽ മാംസ ലഭ്യതയെ കൂടുതൽ ബാധിക്കാനിടയാക്കും.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽമാർഗം പോത്തിൻകുട്ടികളെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും, സാധാരണക്കാർക്ക് വളർത്തുന്നതിനായി കന്നുകാലികളെ ലഭ്യമാക്കിയാൽ അധിക വരുമാനമാർഗം സൃഷ്ടിക്കാനാകുമെന്നും കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് അഭിപ്രായപ്പെട്ടു.
English Summary:
Fish prices have surged in Kottayam following the enforcement of the 52-day trawling ban, which has reduced the availability of marine fish. At the same time, meat shops in the district are set to remain closed for a week in protest against issues related to cattle supply from other states. Reduced fish availability, rising inland fish prices, and disruptions in the meat sector are expected to further impact consumers.
