കോട്ടയം: ദേശീയ സേവാഭാരതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി ജില്ലാ കാര്യശാല ജൂലൈ 26-ന് സംഘടിപ്പിച്ചു.

വിവിധ യൂണിറ്റുകളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വരും വർഷത്തെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സഹായകമായി.

ദേശീയ സേവാഭാരതി കേരളം സംസ്ഥാന എക്സിക്യൂട്ടീവ്കമ്മിറ്റിഅംഗം ശ്രീ ഉണ്ണികൃഷ്ണൻ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ശ്രീ എ.എൻ. ഹരികുമാർ സ്വാഗതം ആശംസിക്കുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ജെ. ദിനേശ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പരിശീലന സെഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ വീഡിയോ സന്ദേശം നൽകി. ഡോ. ജയലക്ഷ്മി അമ്മാൾ (സംസ്ഥാന സെക്രട്ടറി), ശ്രീമതി കെ.ജി. പ്രിയ (സംസ്ഥാന സമിതി അംഗം), അഡ്വ. രശ്മി ശരത്, ശ്രീ ജെ. ദിനേശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

തുടർന്ന് യോഗത്തിൽ 2026-27 വർഷത്തേക്കുള്ള, 35 അംഗ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ സമിതിയെ, കോട്ടയം വിഭാഗ് സഹ കാര്യവാഹ് ശ്രീ EK ശിവാനന്ദൻ പ്രഖ്യാപിച്ചു. ഡോ. സജിത്ത് കുമാർ പ്രസിഡന്റായും, ശ്രീ എം. മധു ജനറൽ സെക്രട്ടറിയായും, ശ്രീ എ.എൻ. ഹരികുമാർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പരിപാടിയിൽ ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ സോമൻ ഗംഗാധരൻ വ്യക്തിഗീതം ആലപിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി.
