‘പ്രിയദർശിനി’ പദ്ധതിയിൽ കെ.എസ്.ആർ.ടി.സിയിൽ വനിതകളുടെ വൻ റഷ്! ഒരൊറ്റ ദിവസം കൊണ്ട് അധികമായി എത്തിയത് 5.95 ലക്ഷം സ്ത്രീകൾ; ഇന്നലെ മാത്രം വിതരണം ചെയ്തത് 7.83 ലക്ഷം സീറോ ടിക്കറ്റുകൾ; വരുമാന നഷ്ടത്തിന്റെ കണക്കുകളും പുറത്ത്!

1 Min Read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി സൗജന്യ യാത്രാ’ പദ്ധതിക്ക് വനിതകൾക്കിടയിൽ വൻ സ്വീകാര്യത. പദ്ധതി നടപ്പാക്കിയ ആദ്യ ദിനത്തിൽ തന്നെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരൊറ്റ ദിവസം കൊണ്ട് 5,95,245 അധിക വനിതാ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകൾ ആശ്രയിച്ചത്.

പദ്ധതിയുടെ ആദ്യ ദിനമായ ഇന്നലെ 13,29,938 സ്ത്രീകളാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. ഇതിന് മുൻപുള്ള തിങ്കളാഴ്ച ഈ എണ്ണം 7,34,693 ആയിരുന്നു. ഇതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ യാത്ര ചെയ്തവരിൽ 7,83,115 പേർ ‘സീറോ ടിക്കറ്റ്’ ഉപയോഗിച്ചാണ് സൗജന്യ യാത്ര നടത്തിയത്. സാധാരണക്കാരായ സ്ത്രീകൾക്കും തൊഴിൽ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്നവർക്കും പദ്ധതി വലിയ ആശ്വാസമായെന്നാണ് വിലയിരുത്തൽ.

അതേസമയം, പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതയും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ‘സീറോ ടിക്കറ്റ്’ വിതരണം ചെയ്തതിലൂടെ മാത്രം ഇന്നലെ 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് ഗതാഗത വകുപ്പിന് ഉണ്ടായത്. സ്ത്രീ ശാക്തീകരണത്തിനും സുരക്ഷിത യാത്രയ്ക്കും പദ്ധതി സഹായകമാകുമ്പോഴും ഈ സാമ്പത്തിക ബാധ്യതയെ എങ്ങനെ മറികടക്കുമെന്നത് വരും ദിവസങ്ങളിൽ നിർണായക വിഷയമാകും.

English Summary:
Kerala government’s Priyadarshini free travel scheme has received an overwhelming response from women. On the first day alone, KSRTC ordinary buses recorded an increase of 5,95,245 female passengers, taking the total number to 13,29,938. Around 7,83,115 women travelled using zero tickets. However, the scheme resulted in a revenue loss of ₹1.59 crore for the transport department in a single day, raising concerns about its financial sustainability.

Share This Article