ഷവർമ കത്തി ചോദിച്ചതിനെച്ചൊല്ലി തർക്കം; പോത്തൻകോട് ബേക്കറി ഉടമയ്ക്ക് നേരെ അതിക്രമം; തലയ്ക്കും കൈയ്ക്കും വെട്ടേറ്റ ഷാഹുൽ ഹമീദ് ആശുപത്രിയിൽ

2 Min Read

തിരുവനന്തപുരം: പോത്തൻകോട് മേലേമുക്കിൽ ബേക്കറി ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബീമാപള്ളി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീമാപള്ളി സ്വദേശി അനീഷ് (38) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പൊലീസ് നൽകിയ വിവരമനുസരിച്ച്, സ്കൂട്ടറിലെത്തിയ അനീഷ് മേലേമുക്കിലെ ബേക്കറിയിൽ സൂക്ഷിച്ചിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്താനെന്ന പേരിൽ പുറത്തേക്ക് കൊണ്ടുപോയി. പൊതുസ്ഥലത്തിരുന്ന് കത്തി ഉപയോഗിച്ച് വാഹനം നന്നാക്കുന്നത് ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

തുടർന്ന് സ്ഥലത്തുനിന്ന് മടങ്ങിയ അനീഷ് മറ്റൊരു കത്തിയുമായി തിരിച്ചെത്തി കടയിലേക്ക് അതിക്രമിച്ചുകയറി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ തലയ്ക്കും ഇടതുകൈയ്ക്കും ഗുരുതര പരിക്കേറ്റു. സംഭവത്തെ തുടർന്ന് കടയിലും പരിസരത്തും പരിഭ്രാന്തി പരന്നു.

അക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പിടികൂടുന്നതിനിടെ അനീഷിനും പരിക്കേറ്റു. തുടർന്ന് അനീഷിനെയും ഷാഹുൽ ഹമീദിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്ത അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:
A 38-year-old man from Beemapally was taken into police custody after allegedly attacking a bakery owner in Melemukku, Pothencode, Thiruvananthapuram. The incident reportedly began after a dispute over the unauthorized use of a shawarma knife. The accused later returned with another knife and attacked the owner, causing serious injuries. Both the accused and the victim were hospitalized, and police have launched a detailed investigation.

pothencode-bakery-owner-stabbed-man-taken-into-custody

Pothencode, Thiruvananthapuram, Bakery Owner Attack, Knife Attack, Beemapally, Anish, Shahul Hameed, Kerala Police, Crime News, Medical College Hospital

Share This Article