മസ്‌കത്ത്: ഒമാനിൽ മലയാളി പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, അദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച കൈയെഴുത്ത് കുറിപ്പ് വലിയ നൊമ്പരമായി മാറി. കാസർകോട് പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് സ്വദേശി ഹരീഷ് കുമാർ (36) ആണ് ജലാൻ ബാനി ബൂ അലിയിലെ താമസസ്ഥലത്ത് മരിച്ചത്.
ജലാൻ ബാനി ബൂ അലിയിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ഹരീഷ്. മരണശേഷം മൃതദേഹം സംബന്ധിച്ച് തന്റെ ആഗ്രഹം സ്വന്തം കൈപ്പടയിൽ എഴുതിവെച്ചിരുന്നുവെന്നാണ് വിവരം. ഈ കുറിപ്പാണ് പ്രവാസി സമൂഹത്തിൽ വലിയ ചർച്ചകൾക്കും ദുഃഖത്തിനും ഇടയാക്കിയത്.
മസ്‌കത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കെയർ വിങ് ചെയർമാനുമായ ഇബ്രാഹിം ഒറ്റപ്പാലമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവെച്ചത്. വർഷങ്ങളായി നിരവധി മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ഈ സംഭവം ഏറെ വേദനിപ്പിച്ചതായി അദ്ദേഹം കുറിച്ചു.
ഹരീഷിന്റെ മരണവിവരം അദ്ദേഹത്തിന്റെ സ്പോൺസറാണ് ഇബ്രാഹിം ഒറ്റപ്പാലത്തെ അറിയിച്ചത്. തുടർന്ന് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് യുവാവിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച കൈയെഴുത്ത് കുറിപ്പിന്റെ ചിത്രം സ്പോൺസർ വാട്സ്‌ആപ്പിലൂടെ അയച്ചുനൽകിയത്.
പ്രവാസ ജീവിതം സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം ഏകാന്തതയും മാനസിക സമ്മർദങ്ങളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെയും കഥകളാണെന്ന് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നതായി ഇബ്രാഹിം ഒറ്റപ്പാലം ഫേസ്ബുക്കിൽ കുറിച്ചു.
മോഹനൻ-ജയ്ശ്രീ ദമ്പതികളുടെ മകനായ ഹരീഷ് കുമാറിന്റെ മരണാനന്തര നടപടികൾ കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
English Summary:
A 36-year-old Malayali expatriate from Kasaragod, Harish Kumar, was found dead in Jalan Bani Bu Ali, Oman. A handwritten note found in his pocket has deeply moved the expatriate community. Muscat KMCC Care Wing Chairman Ibrahim Ottapalam shared details of the incident, highlighting the emotional struggles and loneliness faced by many expatriates. Post-death formalities are currently being coordinated by KMCC Care Wing.
