നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത: ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം

1 Min Read

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപകമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷാ ചോദ്യപേപ്പർ ചോർന്നുവെന്ന് വ്യാജപ്രചാരണം നടത്തി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വൻതോതിൽ പണം തട്ടാനാണ് ചില സംഘങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ചത്.

ഇത്തരത്തിൽ എട്ടോളം ചാനലുകൾ വഴി ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ടെലഗ്രാമിലെ മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് സംഘങ്ങൾ തട്ടിപ്പ് നടത്തിയിരുന്നത്. പരീക്ഷയ്ക്ക് മുൻപ് സാധാരണ സന്ദേശം അയച്ച ശേഷം, പരീക്ഷ കഴിഞ്ഞയുടൻ ചോദ്യപേപ്പർ ഉൾപ്പെടുത്തി സന്ദേശം തിരുത്തുകയായിരുന്നു പതിവ്.

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ ജൂൺ 22 വരെ ടെലഗ്രാം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും ജൂൺ 30 വരെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം മരവിപ്പിക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുന്നറിയിപ്പ് നൽകി.

English Summary

To prevent widespread fraud regarding the NEET re-exam, the Indian government has temporarily banned Telegram until June 22 and disabled its message editing feature until June 30.

Share This Article