കൊച്ചി: പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ പൂജാ ചടങ്ങുകളോടെ തുടക്കമായി.
ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ചടങ്ങോടെയാണ് സിനിമയുടെ ഔദ്യോഗിക തുടക്കം.
പൃഥ്വിരാജും മഞ്ജു വാര്യരും ആദ്യ ക്ലാപ്പിൽ
സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും നിർമാതാവ് സുപ്രിയ മേനോനും ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.
‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഇറേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ സംവിധാനം ചെയ്യുന്നത്.
സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തെ പ്രമേയമാക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ഹൊറർ ഘടകങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടാകും.
അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ്
കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒരുങ്ങും.
ഇതോടെ അഞ്ച് ഭാഷകളിലായി ചിത്രം പാൻ ഇന്ത്യൻ തലത്തിൽ പ്രേക്ഷകരിലേക്ക് എത്തും. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹാരീസ് ദേശം
പി.ആർ.ഒ: എ.എസ്. ദിനേശ്
English Summary
Prithviraj Sukumaran and Manju Warrier starrer ‘ODIYAN: The Age of Illusion’ has officially commenced with a pooja ceremony at Anjumana Temple in Edappally. Directed by Rahul Sadasivan, the mystery thriller is jointly produced by Dharma Productions and Prithviraj Productions. The film will be released in Malayalam, Tamil, Telugu, Kannada and Hindi.
