വടക്കുപടിഞ്ഞാറൻ ചൈനയിലെ മണൽക്കാടുകളിൽ വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്താനായി സ്വന്തം കൈകൾ കൊണ്ട് മണൽ മാന്തി തിരച്ചിൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വാർത്ത ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്.
ചൈനയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചുണ്ടായ ഈ സംഭവം പൊലീസിന്റെ അർപ്പണബോധത്തിന് തെളിവായി മാറിയിരിക്കുന്നു. മേയ് 15-ന് രാത്രി 11 മണിയോടെ ഗാൻസു പ്രവിശ്യയിലെ ദുൻഹുവാങ്ങിലുള്ള ‘സിംഗിങ് സാൻഡ് ഡ്യൂൺസ്’ എന്ന സ്ഥലത്തുവെച്ചാണ് തായ്‌വാൻ സ്വദേശിനിയായ ‘ത്സാവോ’ എന്ന വിനോദസഞ്ചാരിക്ക് തന്റെ ഫോൺ നഷ്ടപ്പെടുന്നത്.
ഫോൺ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞപ്പോഴേക്കും കനത്ത ഇരുട്ടും കഠിനമായ തണുപ്പും ആ പ്രദേശത്തെ മൂടിയിരുന്നു. ഇവിടുത്തെ മണൽ വളരെ മൃദുവായതിനാൽ ആളുകൾ അതിലൂടെ നടക്കുമ്പോൾ ഫോൺ മണലിനടിയിലേക്ക് കൂടുതൽ താഴ്ന്നുപോകാൻ സാധ്യതയുണ്ടായിരുന്നു.
ഇത് തിരച്ചിൽ ഏറെ ദുഷ്കരമാക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ വിവരം ലഭിച്ച് വെറും നാല് മിനിറ്റിനുള്ളിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും ഫോൺ നഷ്ടപ്പെട്ട ഏകദേശ സ്ഥലം മനസ്സിലാക്കി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഫോൺ കണ്ടെത്താനായി ആധുനിക ഉപകരണങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ഉദ്യോഗസ്ഥർ നഗ്നമായ കൈകൾ കൊണ്ട് മണൽ മാന്തിക്കൊണ്ടേയിരുന്നു. ഏറെ നേരത്തെ കഠിനശ്രമത്തിനൊടുവിൽ ഒരു മണൽക്കൂനയുടെ മുകൾഭാഗത്തായി ഫോണിന്റെ സ്ട്രാപ്പ് തടയുകയായിരുന്നു.
തുടർന്ന് ഷാങ് യിങ്ജുൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ മണലിനടിയിൽ നിന്നും ഫോൺ വിജയകരമായി പുറത്തെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റ് സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിൽ വിനോദസഞ്ചാരി പൊലീസിന് നന്ദി അറിയിച്ചു.
ഈ പ്രദേശത്തെ കഠിനമായ കാലാവസ്ഥയോട് പടവെട്ടിയാണ് ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥർ ദിവസേന ജോലി ചെയ്യുന്നത്. പകൽ സമയത്തെ അസഹനീയമായ ചൂടും രാത്രിയിലെ തണുത്ത കാറ്റും വകവെക്കാതെയാണ് ഇവരുടെ സേവനം.
സാധാരണ വിനോദസഞ്ചാരികൾ മണൽക്കൂനയുടെ മുകളിലെത്താൻ 30 മിനിറ്റോളം സമയമെടുക്കുമ്പോൾ കൃത്യമായ പരിശീലനം സിദ്ധിച്ച ഈ പൊലീസുകാർക്ക് വെറും 10 മിനിറ്റ് മതിയാകും. സഞ്ചാരികളെ സഹായിക്കുന്നതിനായി ഈ ഉദ്യോഗസ്ഥർ ഒരു ദിവസം 30,000 മുതൽ 40,000 ചുവടുകൾ വരെ മണലിലൂടെ നടക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം മാത്രം മൊബൈൽ ഫോണുകൾ, കാർ താക്കോലുകൾ, വിലപിടിപ്പുള്ള വിവാഹ മോതിരങ്ങൾ എന്നിവയുൾപ്പെടെ സഞ്ചാരികൾക്ക് നഷ്ടപ്പെട്ട 260 ഓളം സാധനങ്ങളാണ് ഈ മിടുക്കന്മാർ കണ്ടെടുത്തു നൽകിയത്. പൊലീസുകാരുടെ ഈ കാരുണ്യപൂർവ്വമായ മികച്ച സേവന മനോഭാവത്തെ മാനിച്ച് വെറും ഒരു വർഷത്തിനിടെ വിനോദസഞ്ചാരികൾ നൂറിലധികം സ്നേഹോപഹാരങ്ങളാണ് ഈ പൊലീസ് സ്റ്റേഷനിലേക്ക് സമ്മാനമായി എത്തിച്ചിട്ടുള്ളത്.
English Summary
A group of police officers in Northwestern China won praise on social media after digging through desert sand with bare hands to find a Taiwan tourist’s lost phone. Working under extreme weather conditions at ‘Singing Sand Dunes’, these dedicated officers walk up to 40,000 steps daily to help tourists.

