ഷാർജ: ഒരു മാസം മുൻപ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഷാർജയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രവാസി സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷമാനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലയാളി കുടുംബം കണ്ണൂർ സ്വദേശികളാണെന്നും വിവരമുണ്ട്.
അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിലെ പ്രധാന തെളിവായിട്ടുണ്ട്. ഇടനാഴിയിൽ കളിച്ചുകൊണ്ടിരുന്ന അർഷമാനെ പെൺകുട്ടികളിൽ ഒരാൾ സ്റ്റെയർകേസിലേക്കുള്ള വാതിൽ തുറന്ന് വിളിക്കുന്നതും തുടർന്ന് കുട്ടി അകത്തേക്ക് കടന്നതോടെ വാതിൽ അടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ മൂന്നാം നിലയിൽ നിന്ന് ഏകദേശം 14 മീറ്റർ താഴേക്ക് കുട്ടി വീഴുകയായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടികൾ യാതൊരു പരിഭ്രാന്തിയും പ്രകടിപ്പിക്കാതെ നടന്നുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കുട്ടി എങ്ങനെ താഴേക്ക് വീണു, സംഭവത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
കെട്ടിടത്തിൽ നിന്ന് ഉയർന്ന നിലവിളി കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും അടിയന്തര സേവന വിഭാഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് കേസ് ഷാർജ പൊലീസ് ശിശുസംരക്ഷണ വിഭാഗത്തിന് കൈമാറി. കൂടുതൽ തെളിവുകൾ ശേഖരിച്ചും ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനെയാണ് നഷ്ടമായതെന്ന് പിതാവ് സജ്ജാദ് ഹുസൈൻ പറഞ്ഞു. രണ്ട് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും കുടുംബത്തിലുണ്ട്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബം ഇനിയും മുക്തരായിട്ടില്ല.
English Summary
A major development has emerged in the investigation into the death of a Pakistani toddler who fell from the third floor of an apartment building in Sharjah. Police are focusing on two young girls from neighboring Malayali and Tamil families after reviewing CCTV footage. Authorities have taken the girls’ parents into custody for questioning while the Child Protection Unit continues its investigation into the circumstances surrounding the child’s death.

