തിരുവനന്തപുരം: കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്ന ബുധനാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മഴയുടെ ശക്തി വർധിച്ച് കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമെയാണ് അതിശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് നിർവചിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
യെല്ലോ അലർട്ട് ജില്ലകൾ
ജൂൺ 1: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ജൂൺ 2: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂൺ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജൂൺ 4: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജൂൺ 5: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട്
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ജാഗ്രത നിർദേശങ്ങൾ
ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ താൽക്കാലികമായി മാറ്റിവെക്കണമെന്നും അധികൃതർ നിർദേശിച്ചു.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. നദികൾ മുറിച്ചുകടക്കൽ, ജലാശയങ്ങളിൽ ഇറങ്ങൽ, പാലങ്ങളിൽ കയറി കാഴ്ച കാണൽ, സെൽഫിയെടുക്കൽ തുടങ്ങിയ അപകടകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
English Summary
The India Meteorological Department (IMD) has forecast very heavy rainfall across Kerala from Wednesday, coinciding with the expected onset of the southwest monsoon. Orange alerts have been issued for multiple districts, with rainfall between 115.6 mm and 204.4 mm expected in some areas. Authorities have advised residents in landslide-prone and flood-prone regions to remain vigilant and follow safety instructions.

