തിരുവനന്തപുരം: മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് വൈകുന്നേരം നടക്കും. അന്വേഷണത്തിന്റെ ഭാഗമായി ഓരോ ഉദ്യോഗസ്ഥനും പരിശോധിക്കേണ്ട വിഷയങ്ങളിൽ യോഗത്തിൽ തീരുമാനമെടുക്കും.
സർക്കാരിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകാനും എസ്ഐടി തീരുമാനിക്കും. മുൻ കായികവകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ സ്പെയിൻ യാത്രയും സ്പോൺസറായി ആർബിസിയെ തെരഞ്ഞെടുത്ത നടപടിയും ഉൾപ്പെടെ ഒമ്പത് വിഷയങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്.
മെസ്സി കേരളത്തിലെത്തുമെന്ന തട്ടിപ്പ്; ഒമ്പത് വിഷയങ്ങളിൽ അന്വേഷണം
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച നടപടിക്രമങ്ങളും സാഹചര്യങ്ങളും എസ്ഐടി പരിശോധിക്കും. GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും അന്വേഷണത്തിന്റെ ഭാഗമാകും.
ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്.
ഫണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും
പദ്ധതിക്കായി ഉപയോഗിച്ച ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം അന്വേഷണ സംഘം പരിശോധിക്കും. ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാനിടയായ പശ്ചാത്തലവും പരിശോധിക്കും.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാറും പരിശോധിക്കും
അർജന്റീന ഫുട്ബോൾ അസോസിയേഷൻ, ഫുട്ബോൾ ഓസ്ട്രേലിയ തുടങ്ങിയ സ്ഥാപനങ്ങളുമായി സ്വകാര്യ കമ്പനിക്ക് സർക്കാർ സഹായത്തോടെ എങ്ങനെ കരാറിലെത്താൻ കഴിഞ്ഞുവെന്നും എസ്ഐടി പരിശോധിക്കും.
പദ്ധതി നടപ്പാക്കാനെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനങ്ങൾ, ആശയവിനിമയങ്ങൾ, ചർച്ചകൾ, നൽകിയ ഉറപ്പുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. സ്വകാര്യ കരാർ ഇടപാടുകളിലേക്ക് സർക്കാരിന്റെ പേരും അധികാരവും സംവിധാനങ്ങളും ഉപയോഗിക്കാനിടയായ സാഹചര്യം എന്താണെന്നും പരിശോധിക്കും.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവും അന്വേഷണത്തിൽ
ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറിയ നടപടിയും ഉപയോഗവും ഇതുമായി ബന്ധപ്പെട്ട് നടത്തിയ നിർമാണ പ്രവൃത്തികളും ചെലവുകളും എസ്ഐടി പരിശോധിക്കും.
വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ട പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും നിർണയിക്കും. അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരമോ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
എഡിജിപി പി. വിജയന് അന്വേഷണ ചുമതല
മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്താനാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
എഡിജിപി പി. വിജയനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. രണ്ട് എസ്.പി.മാരെയും സംഘത്തിൽ ഉൾപ്പെടുത്തും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമായിരിക്കും.
English Summary
Thiruvananthapuram: The Special Investigation Team (SIT) formed to probe the alleged scam involving a promise to bring Lionel Messi and the Argentina football team to Kerala will hold its first meeting this evening.
The SIT will decide the responsibilities of individual officers and write to the Chief Secretary seeking information from the government. The initial investigation will focus on nine key areas, including former Sports Minister Abdurahiman’s Spain visit and the process of selecting RBC as the sponsor.
