ബെംഗളൂരു: ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് നാലുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിലാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെ സർജാപുര പ്രദേശത്തായിരുന്നു അപകടം. നഴ്സറിയിൽ നിന്ന് മകനെ കൂട്ടിക്കൊണ്ടുവന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടർ ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയ്ക്കും പരിക്കേറ്റു. ഇവരെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
ഗുരുതരമായി പരിക്കേറ്റ ഈസ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്.
മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിക്കും. ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെയാണ് ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
കബറടക്കം മലപ്പുറം പറപ്പൂർ സിദ്ദിഖ് ജുമാ മസ്ജിദിൽ നടക്കും. മരിച്ച കുട്ടിയുടെ പിതാവ് ആദിൽ ബെംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയാണ്.
English Summary:
Four-year-old Eesa Adil, a native of Malappuram, Kerala, died after falling from a scooter that collided with the rear of a goods auto in Bengaluru’s Sarjapur area. His mother, who was riding the scooter, sustained injuries and is undergoing treatment. The child was returning home from nursery school when the accident occurred.
