ദുബായ്: ഐസിസിയുടെ വാർഷിക റാങ്കിങ് പുതുക്കലിന് ശേഷവും പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡുമായുള്ള പോയിന്റ് വ്യത്യാസം എട്ടിൽ നിന്ന് അഞ്ചായി കുറഞ്ഞു.
പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ റേറ്റിങ് 119ൽ നിന്ന് 118 പോയിന്റായി കുറഞ്ഞപ്പോൾ ന്യൂസിലൻഡ് രണ്ട് പോയിന്റ് വർധിപ്പിച്ച് 113ലെത്തി. നിലവിലെ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ 109 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിർത്തി.
ആദ്യ പത്ത് സ്ഥാനങ്ങളിലെ പ്രധാന മാറ്റം ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റമാണ്. 102 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയപ്പോൾ 98 പോയിന്റുള്ള പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റാങ്കിങിന്റെ താഴ്ന്ന സ്ഥാനങ്ങളിലും ചില മാറ്റങ്ങൾ രേഖപ്പെടുത്തി. ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പോയിന്റ് വ്യത്യാസം വർധിച്ചപ്പോൾ സിംബാബ്‌വെയെ പിന്തള്ളി അയർലൻഡ് 11-ാം സ്ഥാനത്തെത്തി. സ്‌കോട്ട്ലൻഡിനെ മറികടന്ന് അമേരിക്ക 13-ാം സ്ഥാനത്തേക്കും യു.എ.ഇ 19-ാം സ്ഥാനത്തേക്കും മുന്നേറി.
ഏകദിന ഫോർമാറ്റിന് പുറമെ ട്വന്റി-20 റാങ്കിങിലും ഇന്ത്യയാണ് ലോക ഒന്നാം നമ്പർ ടീം. കഴിഞ്ഞ ആഴ്ച നടന്ന വാർഷിക പുതുക്കലിന് ശേഷവും ഇന്ത്യ ടി20യിലെ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. വനിതാ ക്രിക്കറ്റിൽ ഏകദിനത്തിലും ട്വന്റി-20യിലും ഓസ്ട്രേലിയൻ വനിതാ ടീമാണ് ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരുന്നത്.
English Summary:
India retained the top spot in the ICC Men’s ODI Team Rankings after the annual update, though its lead over second-placed New Zealand narrowed from eight points to five. Australia remained third, while South Africa moved ahead of Pakistan to claim fourth place. India also continues to lead the ICC T20I rankings, while Australia tops the Test rankings.
