ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി: പ്രമുഖ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം: പ്രധാന വകുപ്പുകളിൽ പുതിയ മേധാവിമാർ

2 Min Read

കേരളത്തിൽ സിവിൽ സർവീസ് രംഗത്ത് വലിയ രീതിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും സ്ഥലംമാറ്റവും സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. പഠനാവധി കഴിഞ്ഞ് തിരിച്ചെത്തിയ ഡോ. രേണു രാജിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

ഇതോടൊപ്പം കെ.എം.എസ്.സി.എൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ എന്നിവയുടെ ഡയറക്ടർ ചുമതലകളും ഇവർക്ക് നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽനിന്നും ഷിബു എ. യെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ സ്ഥാനത്തുനിന്നും വിനോദ് വി.ആറിനെ പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.

കില ഡയറക്ടറായ ദേവിദാസ് എൻ. ഇനി മുതൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും ആസിഫ് കെ. യൂസഫിനെ നോർക്ക ഡയറക്ടറായി മാറ്റിയപ്പോൾ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഉൾപ്പെടെയുള്ള നിലവിലെ ചുമതലകളും അദ്ദേഹം തുടരും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും സ്‌നേഹിൽ കുമാർ സിംഗിനെ പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു,

ഇദ്ദേഹത്തിന് എഡ്യൂക്കേഷൻ റീജുവനേഷൻ മിഷൻ സി.ഇ.ഒ ചുമതല കൂടിയുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നുമാറിയ പ്രേം കൃഷ്ണൻ എസ്. സഹകരണ സംഘം രജിസ്ട്രാറായും സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും ചുമതലയേൽക്കും.

ടൂറിസം അഡീഷണൽ ഡയറക്ടർ സ്ഥാനത്തുനിന്നും ശ്രീധന്യ സുരേഷിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി നിയമിച്ചെങ്കിലും ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ), സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ചുമതലകളിൽ അവർ തുടരുന്നതാണ്.
ഭരണതലത്തിലെ മാറ്റങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിൽ നിന്നും രാഹുൽ കൃഷ്ണ ശർമ്മയെ ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണറായും, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഹമ്മദ് ഷഫീഖിനെ ജി.എസ്.ടി അഡീഷണൽ കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.

ലേബർ കമ്മീഷണറായ സഫ്‌ന നസറുദ്ദീന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി. റവന്യൂ വകുപ്പിൽ നിന്നും അനു എസ്. നായരെ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറായി നിയമിച്ചു,

ആയുഷ് മിഷൻ, ഇ-ഹെൽത്ത്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എന്നിവയുടെ ചുമതലകളും ഇവർക്കായിരിക്കും. ഡോ. അരുൺ ജെ.ഒ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറാകുമ്പോൾ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ, വാട്ടർ ട്രാൻസ്‌പോർട്ട് ഡയറക്ടർ സ്ഥാനങ്ങളും ഒപ്പം വഹിക്കും.

ലാൻഡ് ബോർഡ് സെക്രട്ടറിയായ സാബിൻ സമീദിന് പി.ആർ.ഡി ഡയറക്ടർ, ഐ.എൽ.ഡി.എം ഡയറക്ടർ എന്നീ അധിക ചുമതലകൾ കൂടി ലഭിച്ചു. എസ്.സി/എസ്.ടി വകുപ്പിൽ നിന്നും മിസൽ സാഗർ ഭരതിനെ കെ.എസ്.ടി.പി ഡയറക്ടറായി നിയമിക്കുകയും വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി, കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡി ചുമതലകൾ നൽകുകയും ചെയ്തു.

അനെർട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും ഹർഷിൽ ആർ. മീനയെ കെ.ടി.ഡി.സി എം.ഡി ആയി മാറ്റിയപ്പോൾ സ്മാർട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ ചുമതലയും നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായ രഞ്ജിത്ത് ഡി. ഇനി മുതൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നിർവ്വഹിക്കും.

English Summary

The Kerala government has announced a major reshuffle of IAS officers, including key reassignments for Dr. Renu Raj, Snehil Kumar Singh, and Sreedhanya Suresh across multiple crucial state departments.

Share This Article