തിരുവനന്തപുരം: പൊതുവിപണിയിലെ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ സ്ഥിരം വിലസ്ഥിരതാ പദ്ധതിയുമായി സംസ്ഥാന സർക്കാർ.
പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ റേഷൻ കാർഡ് ഉടമകൾക്ക് കിലോഗ്രാമിന് 27 രൂപ നിരക്കിൽ പ്രത്യേക അരി വിതരണം ചെയ്യും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പദ്ധതിക്ക് വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സ്ഥിരം പദ്ധതി നടപ്പാക്കുന്നത്.
എല്ലാ റേഷൻ കാർഡുകാർക്കും അരി ലഭിക്കും
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ-ലേലം കൂടാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാം. ഇത്തരത്തിൽ വാങ്ങുന്ന ധാന്യങ്ങൾ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോഗ്രാം വരെ വിതരണം ചെയ്യാനാകും.
അതത് കാലത്തെ സംഭരണവിലയും കൈകാര്യച്ചെലവും മാത്രം ഉൾപ്പെടുത്തിയാണ് വിൽപ്പനവില നിശ്ചയിക്കുക. ലാഭം ഈടാക്കാതെയായിരിക്കും വിതരണം. വിപണിയിൽ ഇടപെടുന്നതിനായി ഓരോ തവണയും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ഫണ്ട് അനുവദിക്കും.
പദ്ധതി നടപ്പാക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ
പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ പ്രത്യേക പദ്ധതി തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഭാവിയിലെ വിപണി സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സർക്കാർ സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് രൂപം നൽകിയത്.
ഡിസംബറിൽ കാർഡ് വിഭാഗങ്ങൾക്കനുസരിച്ച് അരി
പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ വിവിധ റേഷൻ കാർഡ് വിഭാഗങ്ങൾക്ക് പ്രത്യേക നിരക്കിൽ അരി വിതരണം ചെയ്യും.
- വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് അഞ്ച് കിലോഗ്രാം വീതം പുഴുക്കലരി ലഭിക്കും.
- മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് കിലോഗ്രാം വീതം പച്ചരി നൽകും.
കേന്ദ്ര സർക്കാർ കിലോഗ്രാമിന് 23.90 രൂപ നിരക്കിലാണ് അരി നൽകുന്നത്. കൈകാര്യച്ചെലവ് കൂടി ഉൾപ്പെടുത്തിയാണ് റേഷൻ കാർഡ് ഉടമകൾക്ക് കിലോഗ്രാമിന് 27 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.
25,000 ടൺ അരി വാങ്ങാൻ 59.75 കോടി രൂപ
25,000 ടൺ അരി സംഭരിക്കുന്നതിനായി 59.75 കോടി രൂപ എഫ്സിഐക്ക് നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വിലസ്ഥിരതാ പദ്ധതിക്ക് വിജ്ഞാപനം പുറത്തിറക്കിയതിന്റെ തുടർച്ചയായാണ് അരി സംഭരിക്കാനുള്ള അനുമതി ലഭിച്ചത്.
നേരത്തേ ഓണക്കാലത്തും സമാനമായ രീതിയിൽ വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം വീതം സ്പെഷൽ അരി വിതരണം ചെയ്തിരുന്നു. പുതിയ സ്ഥിരം പദ്ധതി വഴി വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
English Summary:
The Kerala government has introduced a permanent price stabilisation scheme to control rising prices of rice and other food grains. Under the scheme, special rice will be distributed through ration shops in December at ₹27 per kg. White, blue and brown ration card holders will receive five kilograms of boiled rice each, while yellow and pink card holders will get three kilograms of raw rice. The government has approved ₹59.75 crore to procure 25,000 tonnes of rice from the FCI.
