തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘അതിശക്തമായ മഴ’യായി വിശേഷിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇതോടൊപ്പം വടക്കൻ ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി മേഖല, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സോമാലിയ, ഒമാൻ തീരങ്ങൾ ഉൾപ്പെടെയുള്ള അറബിക്കടലിന്റെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
English Summary:
The India Meteorological Department (IMD) has forecast continued heavy rainfall across Kerala, issuing Orange Alerts for Kozhikode, Kannur, and Kasaragod districts, while 11 other districts remain under Yellow Alert. Isolated areas may receive very heavy rainfall between 115.6 mm and 204.4 mm within 24 hours. Fishermen have been advised not to venture into the seas along the Kerala, Lakshadweep, and Karnataka coasts due to strong winds and rough weather conditions. Similar warnings have also been issued for several parts of the Arabian Sea and Bay of Bengal.
