കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കുന്ന വ്യവസ്ഥ റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനിയായ സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ഭർത്താവിന്റെ മരണത്തിനു പിന്നാലെ ആശ്രിതനിയമനത്തിന് അപേക്ഷ
കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന സോഫിയുടെ ഭർത്താവ് 2024ൽ മരിച്ചതിനെത്തുടർന്ന് ആശ്രിതനിയമനത്തിന് അവർ അപേക്ഷിച്ചിരുന്നു. എന്നാൽ, സ്ത്രീകളെ കള്ളുഷാപ്പുകളിൽ നിയമിക്കുന്നത് വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു.
ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സോഫി ഹൈക്കോടതിയെ സമീപിച്ചത്. ചട്ടത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തായിരുന്നു ഹർജി.
സ്ത്രീകളുടെ സംരക്ഷണമാണ് ലക്ഷ്യമെന്ന് സർക്കാർ
സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് സർക്കാർ പ്ലീഡർ കോടതിയിൽ വാദിച്ചു.
എന്നാൽ, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗം തൊഴിൽമേഖലയിൽനിന്ന് അവരെ പൂർണമായി മാറ്റിനിർത്തലല്ലെന്ന് കോടതി നിരീക്ഷിച്ചു.
ലിംഗവിവേചനം ഒഴിവാക്കണം: ഹൈക്കോടതി
ലിംഗവിവേചനം മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാനും സ്ത്രീകൾക്ക് അവർ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള വിലക്ക് ന്യായീകരിക്കാനാവില്ലെന്നും അവർ ആഗ്രഹിക്കുന്നിടത്ത് തൊഴിലെടുക്കാനുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
English Summary: The Kerala High Court has struck down Rule 7(37) of the Kerala Abkari Shops Disposal Rules, which prohibited the employment of women in toddy shops. The ruling came on a petition filed by Thrissur native Sophie after she was denied dependent employment following her husband’s death.
