കോഴിക്കോട്: കൊയിലാണ്ടിയിലുണ്ടായ ബൈക്ക് അപകടത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇരിങ്ങത്ത് നരക്കോട് സ്വദേശിയായ കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്.
ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടമുണ്ടായത്.
കൊയിലാണ്ടി അപകടം: തെരുവുനായ കുറുകെ ചാടിയെന്ന് റിപ്പോർട്ട്
ഇരിങ്ങത്ത് നരക്കോട് വെച്ച് ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. അജൽ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജലിനെ ആദ്യം കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അജൽ പ്രവീണിന്റെ കുടുംബം
ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയത്തിൽ പ്രവീൺ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. സഹോദരൻ അർജുൻ പ്രവീൺ.
English Summary:
Plus One student Ajal Praveen, 16, from Narakkode in Iringath, died after a motorcycle accident in Koyilandy. Reports say a stray dog crossed the bike’s path while he was returning home from the gym, causing him to lose control and hit a wall. He died while undergoing treatment at a private hospital in Kozhikode.
