ന്യൂഡൽഹി: മദ്യഷോപ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും വാങ്ങൽ നടപടികൾ കൂടുതൽ ലളിതമാക്കാനും ഡൽഹിയിൽ ഓൺലൈൻ മദ്യ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (DSIIDC) വികസിപ്പിച്ചെടുത്ത ‘ഡൽഹി ലിക്വർ ബുക്കിംഗ്’ മൊബൈൽ ആപ്പ് വഴിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നിലവിൽ 208 മദ്യശാലകളിലാണ് ഓൺലൈൻ ബുക്കിംഗ് ലഭ്യമാക്കിയിരിക്കുന്നത്.
എന്നാൽ, ഈ സംവിധാനം വഴി മദ്യം വീട്ടിലെത്തിക്കില്ല. ഓൺലൈനായി ബുക്ക് ചെയ്ത് പണമടച്ചശേഷം ഉപഭോക്താക്കൾ തിരഞ്ഞെടുത്ത മദ്യശാലയിലെത്തി നേരിട്ട് വാങ്ങണം.
ഡൽഹി മദ്യ ബുക്കിംഗ് ആപ്പ്: 48 മണിക്കൂറിനുള്ളിൽ വാങ്ങണം
ആപ്പ് വഴി ബുക്കിംഗ് പൂർത്തിയാക്കി പണമടച്ചാൽ 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണമെന്നാണ് പ്രധാന നിബന്ധന.
നിശ്ചിത സമയത്തിനുള്ളിൽ കടയിലെത്തി ഓർഡർ കൈപ്പറ്റുന്നതാണ് നടപടിക്രമം.
മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ കുറയ്ക്കുക, പേയ്മെന്റ് കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുക, വിലവിവരങ്ങളിലും ബില്ലിംഗിലും കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ബ്രാൻഡ് തിരഞ്ഞെടുക്കാം; സ്റ്റോക്കും പരിശോധിക്കാം
ആപ്പിൽ ലഭ്യമായ മദ്യ ബ്രാൻഡുകൾ പരിശോധിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
കുപ്പിയുടെ അളവ്, എണ്ണം എന്നിവ നിശ്ചയിക്കാനും ബന്ധപ്പെട്ട മദ്യശാലയിൽ സ്റ്റോക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്.
ബുക്കിംഗ് പൂർത്തിയായാൽ ആപ്പിൽ ക്യുആർ കോഡ് ലഭിക്കും. ഉപഭോക്താവ് തിരഞ്ഞെടുത്ത മദ്യശാലയിലെത്തി ഈ കോഡ് കാണിക്കണം.
കടയിലെ ജീവനക്കാർ കോഡ് സ്കാൻ ചെയ്ത് സ്ഥിരീകരിച്ചശേഷമാണ് മദ്യം കൈമാറുക.
25 വയസ് പൂർത്തിയായവർക്ക് മാത്രം
ഡൽഹിയിലെ അബ്കാരി നിയമങ്ങൾ അനുസരിച്ച് ഈ സൗകര്യം ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 25 വയസ് ഉണ്ടായിരിക്കണം.
കൂടാതെ, നിലവിലുള്ള മദ്യം വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നിയമപരമായ പരിധികൾ തുടർന്നും ബാധകമായിരിക്കും.
ഓർഡർ കൈപ്പറ്റുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് ബുക്കിംഗ് റദ്ദാക്കാനും സാധിക്കും.
എന്നാൽ മദ്യം വിൽക്കുകയോ ഉപഭോക്താവ് കൈപ്പറ്റുകയോ ചെയ്തുകഴിഞ്ഞാൽ കുപ്പികൾ തിരികെ നൽകാൻ വ്യവസ്ഥയില്ല.
English Summary:
Delhi has introduced online liquor booking at 208 liquor shops through the Delhi Liquor Booking mobile app developed by DSIIDC. Customers can check available brands and stock, select bottle sizes and quantities, and pay online. Orders must be collected in person within 48 hours, and home delivery is not available. Users must be at least 25 years old, subject to Delhi’s excise rules.
