facebook

കേരളപ്പിറവിക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ; മുതിർന്നവർക്ക് ശബരി വെളിച്ചെണ്ണ ലിറ്ററിന് 229 രൂപ

2 Min Read

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. 

കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നുമുതൽ 70 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണ പ്രത്യേക വിലയിൽ ലഭിക്കും.

 ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, പായസമിക്സ് എന്നിവയ്ക്കും നിശ്ചിത കാലയളവിൽ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

70 വയസിന് മുകളിലുള്ളവർക്ക് വെളിച്ചെണ്ണ ലിറ്ററിന് ₹229

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽനിന്ന് 70 രൂപ കുറച്ച് ലഭിക്കും.

 ഇതോടെ ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 229 രൂപയ്ക്ക് വാങ്ങാനാകും.

കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് നവംബർ ഒന്ന് മുതൽ ഏഴ് വരെ ഓഫർ ഒരുക്കിയിരിക്കുന്നത്.

ശബരി പൊടികൾക്ക് ഏഴ് ശതമാനം വിലക്കുറവ്

മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും സപ്ലൈകോ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 

ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ നിലവിലെ വിൽപ്പന വിലയിൽനിന്ന് ഏഴ് ശതമാനം വിലക്കുറവ് ലഭിക്കും.

ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.

പായസമിക്സിന് നവംബർ മുഴുവൻ 10 ശതമാനം കുറവ്

കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും എത്തിക്കാനായി ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്ന ഈ ആനുകൂല്യം സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയാണെന്ന് അറിയിച്ചിട്ടുണ്ട്.

ശബരി മൈദയും റവയും വിപണിയിലെത്തും

സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാനും സപ്ലൈകോ ഒരുങ്ങുകയാണ്. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിങ്ങിൽ പുനരവതരിപ്പിക്കും.

ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിലിറക്കും.

English Summary:
Supplyco has announced special Kerala Piravi offers from November 1. Customers aged 70 and above who purchase more than ₹1,000 worth of non-subsidised products can buy one litre of Sabari coconut oil for ₹229. Selected Sabari spice powders will get a 7% discount, while Sabari payasam mixes will be offered at 10% off during November. Supplyco is also preparing to launch Sabari maida and rava.

Share This Article