facebook

പരിശോധനയ്ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം; രണ്ടുപേർക്ക് പരുക്ക്

1 Min Read

കായംകുളം: അനധികൃത മദ്യവിൽപ്പന നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം. കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ശ്രീലാലിന്റെ വീട്ടിലാണ് സംഭവം. പരിശോധനയ്ക്കിടെ രണ്ട് ഉദ്യോഗസ്ഥരെ മുറിയിൽ പൂട്ടിയിട്ടശേഷം വീട്ടുടമയും കുടുംബാംഗങ്ങളും മർദ്ദിച്ചെന്നാണ് പരാതി.

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം

ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ രാജേഷ് കുമാർ വി.കെ., വർഗീസ് പയസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അവധി ദിനത്തിൽ ശ്രീലാലിന്റെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി എക്‌സൈസിന് പരാതി ലഭിച്ചിരുന്നു.

തുടർന്ന് നാലംഗ എക്‌സൈസ് സംഘം മഫ്തിയിൽ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. രാജേഷും വർഗീസ് പയസും വീടിനുള്ളിൽ കയറി പരിശോധന നടത്തിയപ്പോൾ മറ്റ് രണ്ട് ഉദ്യോഗസ്ഥർ പുറത്ത് കാവൽ നിന്നു.

ഉദ്യോഗസ്ഥരെ മുറിയിൽ പൂട്ടിയെന്ന് പരാതി

പരിശോധനയ്ക്കിടെ രാജേഷിനെയും വർഗീസ് പയസിനെയും വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് വീട്ടുടമയും കുടുംബാംഗങ്ങളും ഇരുവരെയും മർദ്ദിക്കുകയായിരുന്നു.

ഇതിനിടെ മുറിയിൽനിന്നുള്ള നിലവിളി കേട്ടതോടെ പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് ഇരുവരെയും മുറിയിൽനിന്ന് രക്ഷപ്പെടുത്തി.

പരിക്കേറ്റവർ ആശുപത്രിയിൽ

ആക്രമണത്തിൽ പരിക്കേറ്റ രാജേഷ് കുമാർ വി.കെ., വർഗീസ് പയസ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

അതേസമയം, സംഭവത്തിന് പിന്നാലെ ശ്രീലാലും കുടുംബാംഗങ്ങളും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Article