സൂറത്ത്: ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത 500 രൂപ കറൻസി നോട്ട് അനുചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്ന റീൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10 ലക്ഷം ഫോളോവേഴ്സുള്ള 47കാരിയായ സിമ്രാൻ പട്ടേലിനെയാണ് സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഗാന്ധിജയന്തിക്ക് മുന്നോടിയായി റീൽ പോസ്റ്റ് ചെയ്തെന്ന് പൊലീസ്
ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് ആറിനും ഇടയിലാണ് വീഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഗാന്ധിജയന്തിക്ക് മുന്നോടിയായാണ് റീൽ പോസ്റ്റ് ചെയ്തതെന്നും വീഡിയോയിൽ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെട്ട നോട്ടുമായി അനുചിതമായ ദൃശ്യങ്ങളും ആംഗ്യങ്ങളും ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
സാമൂഹിക പ്രവർത്തകനായ ധർമേഷ് ഗാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൂറത്ത് ക്രൈം ബ്രാഞ്ച് കേസെടുത്തത്.
ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം നടപടി
ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അറസ്റ്റിന് പിന്നാലെ സിമ്രാൻ പട്ടേൽ റീൽ പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു.
സോഷ്യൽ മീഡിയ ഉള്ളടക്കത്തിൽ ജാഗ്രത വേണമെന്ന് പൊലീസ്
സാമൂഹിക സംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സിമ്രാൻ പട്ടേൽ സോഷ്യൽ മീഡിയയിൽ പതിവായി ഹ്രസ്വവീഡിയോകൾ നിർമിച്ച് പോസ്റ്റ് ചെയ്യാറുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
English Summary
A 47-year-old content creator, Simran Patel, was arrested in Surat after a complaint over an Instagram reel allegedly showing inappropriate handling of a ₹500 currency note bearing Mahatma Gandhi’s image. Police registered a case under Section 67 of the IT Act and urged people to avoid posting content that could trigger social tension.
