ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് സംഘർഷത്തിൽ ശക്തമായ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പൈലറ്റിനെ ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് കണ്ടെത്തിയാൽ അവർ വലിയ വില നൽകേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു.
സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിന്റെ കൃത്യമായ ചിത്രം ലഭിച്ചുവരികയാണെന്നും ആക്രമണത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈദുബായ് വിമാനത്തിൽ കോക്പിറ്റിൽ സംഘർഷം
ബുധനാഴ്ച 174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായിയുടെ FZ1073 വിമാനത്തിലാണ് സംഘർഷമുണ്ടായത്. കോക്പിറ്റിനുള്ളിൽ ഒമാനി പൈലറ്റ് സഹപൈലറ്റായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്ട്.
തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഇയാൾ ശ്രമിച്ചു. ഇതോടെ വിമാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ 14,000 അടി താഴേക്ക് പതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പൈലറ്റ് വാതിൽ തുറന്നു; യാത്രക്കാർ ഇടപെട്ടു
ആക്രമണത്തിനിടെ സ്മിത് മച്ചാർ കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ വിവരം അറിയിച്ചു. ഇതോടെ യാത്രക്കാർ ഇടപെട്ട് ഒമാനി പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു.
അതേസമയം, വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം പിന്നീട് സൗദി അറേബ്യയിലെ താബുക്ക് വിമാനത്താവളത്തിൽ ഇറക്കി.
സംഭവത്തിന് പിന്നിൽ ആരെന്ന് അന്വേഷിക്കുന്നു
ഒമാനി പൈലറ്റിന് ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽനിന്ന് പ്രചോദനം ലഭിച്ചിരുന്നുവെന്നും യാത്രക്കാരുൾപ്പെടെ വിമാനം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചു.
എന്നാൽ, ആക്രമണത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരത്തിൽ ആരെങ്കിലും പൈലറ്റിനെ അയച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
English summary:Israeli Prime Minister Benjamin Netanyahu warned that those responsible would “pay a heavy price” over the cockpit incident on a Flydubai flight from Dubai to Tel Aviv. An Omani pilot allegedly attacked Indian co-pilot Captain Smith Machhar and attempted to take control of the aircraft. The plane reportedly descended 14,000 feet before passengers restrained the attacker. Two other pilots among the passengers later helped land the aircraft in Tabuk, Saudi Arabia.
