ചണ്ഡിഗഡ്: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ കൊലപ്പെടുത്തിയതായി പൊലീസ്. രാമ (32)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ മരണം വീടിന്റെ മേൽക്കൂരയിൽനിന്ന് വീണുണ്ടായതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു.
സംഭവത്തിൽ ബിഎസ്എഫ് ജവാൻ അമർജിത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി തർക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ബിഎസ്എഫ് ജവാൻ നാട്ടിലെത്തിയത് ഓഗസ്റ്റ് 13ന്
പന്ത്രണ്ട് വർഷം മുൻപാണ് അമർജിത് സിങ്ങും രാമയും വിവാഹിതരായത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്.
രാമയുടെ കുടുംബം നൽകിയ പരാതിപ്രകാരം ഓഗസ്റ്റ് 13ന് രാത്രിയാണ് അമർജിത് സിങ് അവധിക്ക് വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഭാര്യയെ മർദിച്ചെന്ന് കുടുംബത്തിന്റെ പരാതി
തർക്കത്തിനിടെ അമർജിത് സിങ് രാമയെ മർദിച്ചതായാണ് കുടുംബത്തിന്റെ പരാതി. ഗുരുതരമായി പരുക്കേറ്റ രാമ അന്നുരാത്രി മരിച്ചതായും കുടുംബം ആരോപിച്ചു.
എന്നാൽ ഓഗസ്റ്റ് 14ന് പുലർച്ചെ നാലോടെ രാമ വീടിന്റെ മേൽക്കൂരയിൽനിന്ന് വീണുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അമർജിതിന്റെ കുടുംബം രാമയുടെ ബന്ധുക്കളെ അറിയിച്ചു.
ശരീരത്തിലെ പാടുകൾ; കൊലപാതകമെന്ന് സംശയം
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ രാമയുടെ കുടുംബമാണ് പിന്നീട് മരണം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി.
ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്. വിവാഹം കഴിഞ്ഞതുമുതൽ മകൾ ഭർത്താവിൽനിന്ന് മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നതായി രാമയുടെ പിതാവ് രാം ചന്ദ് പൊലീസിനോട് പറഞ്ഞു.
മൂന്ന് പേർക്കെതിരെ കേസ്
രാമയുടെ കുടുംബത്തിന്റെ പരാതിയിൽ അമർജിത് സിങ്, അമ്മാവൻ കുൽദീപ് കുക്കി, അമ്മായി സോണിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അമർജിത് സിങ്ങിനെ അറസ്റ്റ് ചെയ്തപ്പോൾ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
ഇവർക്കായി തിരച്ചിൽ ശക്തമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ഹർപ്രേം സിങ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം രാമയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സ്വന്തം ഗ്രാമത്തിലാണ് അന്ത്യകർമങ്ങൾ നടത്തുക.
