ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ക്ഷേത്രപരിസരത്തെ വൈദ്യുത തൂൺ തകർന്നതിനെ തുടർന്ന് ജനക്കൂട്ടത്തിനിടയിൽ പരിഭ്രാന്തി പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അശോക് ധാം ക്ഷേത്രത്തിൽ വൻ തിരക്ക്
ശ്രാവണ മാസത്തിന്റെ ആരംഭമായതിനാൽ ഇന്ന് രാവിലെ ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് അപകടമുണ്ടായത്.
തിരക്കിനിടെ വൈദ്യുത തൂൺ വീണ് ആളുകൾക്ക് ഷോക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പരിഭ്രാന്തിയുണ്ടായതോടെ ജനക്കൂട്ടത്തിനിടയിൽ തിക്കിലും തിരക്കുമുണ്ടായെന്നാണ് വിവരം.
നിരവധി പേർ ആശുപത്രിയിൽ
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു.
അതേസമയം, അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് ഡിവിഷണൽ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ശിവം കുമാർ പറഞ്ഞു.
ചികിത്സ ഉറപ്പാക്കാൻ നിർദേശം
അശോക് ധാം ക്ഷേത്രത്തിലെ അപകടം ദാരുണമാണെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രതികരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് അദ്ദേഹം നിർദേശം നൽകി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രപരിസരത്തെ സുരക്ഷാ സംവിധാനങ്ങളും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധന പൂർത്തിയായ ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
