തിരുവനന്തപുരം: കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം നൽകുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് (AIF) പദ്ധതിയിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.
കർഷകർക്കും കാർഷിക സംരംഭകർക്കും കൂടുതൽ സമയം ലഭ്യമാക്കുന്നതിനായാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് കോടി രൂപ വരെ വായ്പയ്ക്ക് പരമാവധി ഏഴ് വർഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡി ലഭിക്കും. ഇതോടെ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാനാകും.
ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയിൽ ഉൾപ്പെടുന്ന രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് അധിക ഈടോ പണയമോ ആവശ്യമില്ലെന്നതും പദ്ധതിയുടെ പ്രധാന ആകർഷണമാണ്.
സംഭരണ കേന്ദ്രങ്ങൾ, ശീതീകരണ ശൃംഖലകൾ, കാർഷിക ഉത്പന്ന സംസ്‌കരണ യൂണിറ്റുകൾ, മൂല്യവർധിത ഉത്പന്ന നിർമാണം, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭിക്കും.
വ്യക്തിഗത കർഷകർ, കർഷക ഉത്പാദക സംഘടനകൾ (FPO), സ്വയംസഹായ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ ബാങ്ക് ശാഖകളുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ 8137008197, 8921540233 എന്നീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.
English Summary:
The Kerala Agriculture Directorate has extended the application deadline for the Agriculture Infrastructure Fund (AIF) scheme till September 30. Under the scheme, loans up to ₹2 crore are eligible for a 3% interest subsidy for up to seven years. Projects related to storage, processing, cold chain infrastructure, farm mechanization, drone service centers, and agricultural logistics can avail financial assistance. Farmers, FPOs, self-help groups, agri-entrepreneurs, startups, and cooperatives are eligible to apply.
