തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനുവദിച്ച ബാർ ലൈസൻസ് സർക്കാർ റദ്ദാക്കി. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അനുവദിച്ച എഫ്എൽ 7 ലൈസൻസാണ് സർക്കാർ ഉത്തരവിലൂടെ റദ്ദാക്കിയത്. ലൈസൻസിനുള്ള അനുമതിയും ഇതോടൊപ്പം പിൻവലിച്ചു.
വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിനാണ് അനുമതിയും ലൈസൻസും നഷ്ടമായത്.
രണ്ട് ലക്ഷം രൂപ അപേക്ഷാ ഫീസ് തിരികെ നൽകും
ലൈസൻസിനായി അപേക്ഷിക്കുമ്പോൾ അടച്ച രണ്ട് ലക്ഷം രൂപ തിരികെ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ മദ്യനയം വരുംവരെ പുതിയ ലൈസൻസുകളില്ല
യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതുവരെ എഫ്എൽ 7 ഉൾപ്പെടെയുള്ള പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം എയർലോഞ്ച് ബാറിനായി വീണ്ടും ലൈസൻസിന് അപേക്ഷിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary:
The Kerala government has cancelled the FL-7 bar licence and approval granted to the Air Lounge Bar on the second floor of Terminal 3 at Cochin International Airport, Nedumbassery. The licence had been approved by former Excise Commissioner Seeram Sambasiva Rao. The government will refund the ₹2 lakh application fee upon submission of a request. The decision follows the government’s policy to stop issuing new bar licences, including FL-7 licences, until the new UDF liquor policy comes into effect.
