ഭർത്താവുമായുള്ള ബന്ധം തകർന്നതിന് പിന്നാലെ ആശ്വാസം തേടി ലൈവ് സ്ട്രീമർമാരുമായി ബന്ധം സ്ഥാപിച്ച മലേഷ്യൻ യുവതി ഒടുവിൽ കടക്കെണിയിൽ. ലൈവ് സ്ട്രീമർമാർക്ക് നിരന്തരം ഗിഫ്റ്റുകൾ അയച്ചാണ് യുവതിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായത്.
സ്ട്രീമർമാർക്കായി മാത്രം ഒരു ലക്ഷം മലേഷ്യൻ റിങ്കിറ്റ് നഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നു.എട്ട് വർഷം മുൻപാണ് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി മനസിലാക്കിയത്.
ഭർത്താവിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെങ് ഷുയി പുരോഹിതനെ സമീപിച്ചു. മന്ത്രങ്ങളും പൂജകളും നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നും ഇതിനായി 40,000 റിങ്കിറ്റ് ചെലവായെന്നും റിപ്പോർട്ടിൽ പറയുന്നു.
ലൈവ് സ്ട്രീമിങ്ങിലേക്ക്
പിന്നീട് ലൈവ് സ്ട്രീമിങ് ആപ്പിൽനിന്ന് മറുപടികളും ആശ്വാസവും ലഭിച്ചതോടെ യുവതി അതിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം മുഴുവൻ ചെലവഴിച്ച ശേഷവും സ്ട്രീമർമാരെ സമീപിക്കുന്നത് തുടർന്നു.
പണം തീർന്നതോടെ കടം വാങ്ങിയും സ്ട്രീമർമാർക്ക് ഗിഫ്റ്റുകൾ അയയ്ക്കാൻ തുടങ്ങി. ഇതിനകം സ്ട്രീമർമാർക്ക് മാത്രമായി ഒരു ലക്ഷം റിങ്കിറ്റാണ് യുവതിക്ക് നഷ്ടമായത്. ഇത് ഏകദേശം രണ്ടരലക്ഷം രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വരുമാനം മുഴുവൻ കടം വീട്ടാൻ
സാമ്പത്തിക ബാധ്യത വർധിച്ചതോടെ യുവതിയുടെ മാസവരുമാനം മുഴുവൻ കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കേണ്ടിവന്നു. ഇതോടെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലേക്ക് യുവതി എത്തി.
നിലവിലെ ജോലിക്ക് പുറമെ അധിക വരുമാനത്തിനായി പാർട്ട് ടൈം ജോലി തേടിയതോടെയാണ് യുവതിയുടെ സാമ്പത്തിക പ്രതിസന്ധി പുറത്തറിയുന്നത്. യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിംഗപ്പൂർ മാധ്യമമായ സ്റ്റോംപാണ് യുവതിയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഭർത്താവുമായുള്ള ബന്ധത്തിലെ തകർച്ചയ്ക്ക് പിന്നാലെ ആശ്വാസം തേടിയ യുവതി ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നടത്തിയ ചെലവുകളാണ് പിന്നീട് വലിയ കടബാധ്യതയിലേക്ക് നയിച്ചത്.
English Summary : A Malaysian woman reportedly fell into debt after spending heavily on live streamers following the breakdown of her relationship with her husband. She initially spent RM40,000 seeking help from a feng shui priest and later lost about RM100,000 on gifts for streamers. Her financial difficulties became known after she began looking for additional part-time work to repay her debts.
