മലപ്പുറം: ഇൻഷുറൻസ് പോളിസി റദ്ദാക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതിരുന്ന നിലമ്പൂർ എസ്.ബി.ഐക്ക് ഉപഭോക്തൃ കമ്മിഷന്റെ നടപടി.
മമ്പാട് സ്വദേശികളായ നൗഷീർ, ജസീമ എന്നിവർക്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകാനാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.
പോളിസി റദ്ദാക്കാനുള്ള ആവശ്യം സമയബന്ധിതമായി കൈമാറാത്തത് ബാങ്കിന്റെ സേവനത്തിലെ വീഴ്ചയാണെന്ന് കമ്മിഷൻ വിലയിരുത്തി.
വീട് നിർമാണ വായ്പയ്ക്കൊപ്പം ഇൻഷുറൻസ് പോളിസി
2024 ജനുവരിയിൽ വീട് നിർമിക്കുന്നതിനായി വായ്പ തേടിയാണ് നൗഷീറും ജസീമയും നിലമ്പൂർ എസ്.ബി.ഐ ശാഖയെ സമീപിച്ചത്.
വായ്പ ലഭിക്കുന്നതിന് എസ്.ബി.ഐ ലൈഫിൽനിന്ന് ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് ബാങ്ക് നിർദേശിച്ചു. ഇതനുസരിച്ച് ഇരുവരും പോളിസി എടുത്തു.
എന്നാൽ പോളിസിയുടെ വ്യവസ്ഥകൾ തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് മനസ്സിലാക്കിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പോളിസി വേണ്ടെന്ന വിവരം ബാങ്കിനെ അറിയിച്ചു.
പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചാൽ അടച്ച പ്രീമിയം മുഴുവൻ തിരികെ ലഭിക്കുമെന്ന വ്യവസ്ഥയും നിലവിലുണ്ടായിരുന്നു.
റദ്ദാക്കൽ ആവശ്യം ഇൻഷുറൻസ് കമ്പനിയെ അറിയിച്ചില്ല
ഉപഭോക്താക്കൾ പോളിസി വേണ്ടെന്ന ആവശ്യം അറിയിച്ചിട്ടും ബാങ്ക് അത് ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയില്ലെന്നാണ് പരാതി.
ഇതോടെ 1,59,909 രൂപയുടെ പ്രീമിയം തുക തിരികെ ലഭിക്കാതെ നഷ്ടമായി. തുടർന്നാണ് ഇരുവരും മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് പരാതി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ബാങ്കിന്റെ സേവനത്തിൽ വീഴ്ചയെന്ന് കമ്മിഷൻ
ഇൻഷുറൻസ് ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് പോളിസി ഉടമകൾക്ക് ആവശ്യമായ സേവനം ഉറപ്പാക്കാനുള്ള ബാധ്യതയുണ്ടെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ബാങ്ക് വായ്പയെടുക്കുന്ന ഉപഭോക്താക്കളെ ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഭാഗമാക്കുമ്പോൾ പോളിസിയുടെ വ്യവസ്ഥകൾ അവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കമ്മിഷൻ കണ്ടെത്തി.
ഒരു മാസത്തിനകം 2,64,909 രൂപ നൽകണം
നഷ്ടപ്പെട്ട പ്രീമിയം തുകയായ 1,59,909 രൂപ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം, 5,000 രൂപ കോടതി ചെലവ് എന്നിവ ഉൾപ്പെടെ ആകെ 2,64,909 രൂപ പരാതിക്കാർക്ക് നൽകാനാണ് ഉത്തരവ്.
ഒരു മാസത്തിനകം തുക നൽകണം. നിശ്ചിത സമയത്തിനുള്ളിൽ പണം നൽകാത്തപക്ഷം വിധിച്ച തുകയ്ക്ക് ഒമ്പത് ശതമാനം പലിശയും നൽകേണ്ടിവരുമെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.
English Summary:
The Malappuram District Consumer Disputes Redressal Commission has directed Nilambur SBI to pay ₹2,64,909 to a couple from Mampad. The bank failed to inform the insurance company after the customers requested cancellation of their SBI Life policy within a week of taking it. The amount includes the lost premium of ₹1,59,909, ₹1 lakh compensation and ₹5,000 litigation costs. A 9% interest will apply if payment is delayed beyond the one-month deadline.
