തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിന് പിന്നിൽ മുൻപ്രണയബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മുൻപ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ പുതിയ കാമുകനോടുള്ള പക തീർക്കാനായിരുന്നു ശ്രമം.
എന്നാൽ, ലക്ഷ്യമിട്ട കൗമാരക്കാരന്റെ അടുത്ത സുഹൃത്തായ അഭിരാമിനെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ 17കാരന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ള 22കാരനെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ചതും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതും ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
പുതിയ പ്രണയബന്ധത്തെച്ചൊല്ലി വൈരാഗ്യം
ഒന്നാം പ്രതിയുമായി പ്രണയത്തിലായിരുന്ന ശ്രീകാര്യം സ്വദേശിയായ പെൺകുട്ടി ബന്ധം അവസാനിപ്പിച്ച് മറ്റൊരു 17കാരനുമായി അടുപ്പത്തിലായതോടെയാണ് വൈരാഗ്യം ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്.
ബന്ധം തകരാൻ കാരണം പുതിയ കാമുകനാണെന്ന് വിശ്വസിച്ച ഒന്നാം പ്രതി ഇയാളെ അപായപ്പെടുത്താൻ പദ്ധതിയിട്ടു. ഇക്കാര്യം സുഹൃത്തും ഇപ്പോഴത്തെ കാമുകിയുമായ ആനന്ദയോടും പങ്കുവച്ചു.
എന്നാൽ, പിന്നീട് ലക്ഷ്യം മാറി. പുതിയ കാമുകന്റെ അടുത്ത സുഹൃത്തായ അഭിരാമിനെ ഉപയോഗിച്ച് പ്രതികാരം നടപ്പാക്കാനായിരുന്നു നീക്കം.
കാമുകിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കെണി
സംഭവത്തിന് ഏതാനും ദിവസം മുമ്പ് തന്നെ ആനന്ദയുടെ മൊബൈൽ ഫോൺ ഒന്നാം പ്രതിയുടെ കൈവശമായിരുന്നു. ഈ ഫോണും ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ചാണ് പ്രതി അഭിരാമുമായി ബന്ധം സ്ഥാപിച്ചത്.
സന്ദേശങ്ങളിലൂടെ സൗഹൃദം വളർത്തിയ ശേഷം പ്രണയം നടിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബസിൽ യാത്ര ചെയ്തെത്തിയ അഭിരാം മൂന്നുമണിയോടെ സ്ഥലത്തെത്തി.
അവിടെ ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഉമറും കാത്തുനിൽക്കുന്നുണ്ടായിരുന്നു. താൻ കെണിയിൽപ്പെട്ടതായി തിരിച്ചറിഞ്ഞ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞെന്നാണ് പോലീസ് പറയുന്നത്.
സുഹൃത്തിനെ വിളിച്ചുവരുത്താൻ അഭിരാമിനോട് നിർബന്ധിച്ചു
തങ്ങൾ ലക്ഷ്യമിട്ടിരുന്ന 17കാരനായ സുഹൃത്തിനെ ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരുത്തണമെന്നാണ് പ്രതികൾ അഭിരാമിനോട് ആവശ്യപ്പെട്ടത്. നിർബന്ധത്തെത്തുടർന്ന് അഭിരാം രണ്ടുതവണ സുഹൃത്തിനെ വിളിച്ചു.
എന്നാൽ, സ്ഥലത്തേക്ക് വരാനാകില്ലെന്നും ആവശ്യമെങ്കിൽ തന്റെ അടുത്തേക്ക് വരാമെന്നും സുഹൃത്ത് മറുപടി നൽകി. വീണ്ടും വിളിക്കണമെന്ന പ്രതികളുടെ ആവശ്യം അഭിരാം നിരസിച്ചതോടെ സംഘർഷമുണ്ടായി.
മടങ്ങിപ്പോകാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ബലംപ്രയോഗിച്ച് തടഞ്ഞു. തുടർന്ന് കൈകൾ കൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
മഴയിൽ ഉപേക്ഷിക്കേണ്ടിവന്ന മൃതദേഹം
കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിൽ കെട്ടി കായലിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഇതിനായി ചാക്ക് എത്തിച്ച് മൃതദേഹം അതിനുള്ളിലാക്കുകയും ചെയ്തു.
എന്നാൽ, രാത്രി ശക്തമായ മഴ പെയ്തതോടെ മൃതദേഹം കായലിലേക്ക് കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിച്ചു. തുടർന്ന് മൃതദേഹം സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. അഭിരാമിന്റെ മൊബൈൽ ഫോണും നശിപ്പിച്ചു.
കുറ്റം ഏറ്റെടുക്കാൻ 17കാരനെ നിയോഗിച്ചെന്ന് പോലീസ്
പിടിയിലായാൽ കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒന്നാം പ്രതിയായ 17കാരൻ ഏറ്റെടുക്കണമെന്ന ധാരണ പ്രതികൾക്കിടയിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ കുറഞ്ഞ ശിക്ഷ ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോൾ കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയതെന്നും പിന്നീട് ഉമർ സംഭവസ്ഥലത്തെത്തിയെന്നുമാണ് 17കാരൻ മൊഴി നൽകിയത്. എന്നാൽ, വിശദമായ അന്വേഷണത്തിലും ഉമറിനെ ചോദ്യം ചെയ്തതിലും ഇയാളുടെ പങ്ക് വ്യക്തമായെന്നാണ് പോലീസ് പറയുന്നത്.
അഭിരാമും പ്രതികളും ഒരേ പ്രദേശത്തുകാർ
അഭിരാമും കേസിലെ പ്രതികളായ 17കാരനും ഉമറും ഒരേ പ്രദേശത്തുള്ളവരാണ്. ഇവരുടെ വീടുകൾ തമ്മിൽ വലിയ അകലമില്ല.
ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലൈനിലാണ് അഭിരാമിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള കമുകിൻകോടാണ് മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് ഒന്നാം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന പേരൂർ. ജനവാസം കുറവുള്ള ഈ പ്രദേശം സാമൂഹികവിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമാണെന്നും പോലീസ് പറയുന്നു.
ഉമറിനെതിരെ അഞ്ചിലേറെ കേസുകൾ; കാപ്പ നടപടിയും നേരിട്ടു
കേസിലെ രണ്ടാം പ്രതിയായ ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻവീട്ടിൽ ഉമർ മുഫ്താർ (22) സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസിന്റെ വിശദീകരണം. മോഷണം, അടിപിടി തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശ്രീകാര്യം, പേട്ട പോലീസ് സ്റ്റേഷനുകളിലായി അഞ്ചിലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
കാപ്പ നിയമപ്രകാരവും നടപടി നേരിട്ടിരുന്നു. ആറുമാസത്തെ കാപ്പ തടവുശിക്ഷ പൂർത്തിയാക്കി സെപ്റ്റംബർ ഒൻപതിനാണ് ഉമർ പുറത്തിറങ്ങിയത്. വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതിയെന്നും പോലീസ് പറയുന്നു.
ഒന്നാം പ്രതിയായ 17കാരൻ ഉമറിന്റെ അടുത്ത സുഹൃത്താണ്. ഉമർ പ്രതിയായ മൂന്ന് മോഷണക്കേസുകളിൽ ഈ കൗമാരക്കാരനും രണ്ടാം പ്രതിയായിട്ടുണ്ട്. മോഷണങ്ങൾക്കുമുമ്പ് ഇരുവരും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് കമ്മിഷണർ
അഭിരാമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ വ്യക്തമാക്കി.
നവംബർ ഒന്നിന് രാവിലെ 10.52നാണ് അഭിരാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധു പോലീസ് സ്റ്റേഷനിലെത്തിയത്. ഉടൻതന്നെ വിവരം കൺട്രോൾ റൂമിനെയും എഎസ്ഐയെയും അറിയിക്കുകയും ബന്ധുക്കൾക്കൊപ്പം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.
അഭിരാമിന്റെ ഫോൺ അവസാനമായി ഓഫായത് മൺവിളയിലെ സെമിനാരിക്ക് സമീപമാണെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സെമിനാരിയിലെ ചുമതലക്കാരോടടക്കം പോലീസ് വിവരങ്ങൾ തേടി.
സുഹൃത്തുക്കളിൽനിന്നുള്ള വിവരങ്ങൾ അന്വേഷണത്തിന് വഴിത്തിരിവായി
അഭിരാമിന്റെ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നുമണിയോടെ ഒന്നാം പ്രതിയുടെ വീട്ടിലെത്തി. തുടർന്ന് 17കാരനെയും പിതാവിനെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
ഇതിനിടെ അഭിരാമിന്റെ ബന്ധുക്കളും കൗമാരക്കാരനും തമ്മിൽ തർക്കമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നീട് വീട്ടിലേക്ക് മടക്കിയയച്ച 17കാരനെ അടുത്ത ദിവസം രാവിലെ വീണ്ടും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ അയച്ച കാര്യം മാത്രമാണ് ആദ്യം ഇയാൾ വെളിപ്പെടുത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഉമറിന്റെ പങ്ക് പുറത്തുവന്നത്. ഉമറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും കമ്മിഷണർ അറിയിച്ചു.
English Summary:
Police investigating the murder of Plus One student Abhiram in Pangappara, Thiruvananthapuram, say the crime was allegedly planned out of jealousy linked to a past relationship. A 17-year-old accused reportedly used his current girlfriend’s Instagram account to befriend Abhiram and lure him to an isolated location. Police allege that Abhiram was killed after refusing to call another teenager to the spot. A 22-year-old accused, who had previously undergone detention under the KAAPA law, is also alleged to have taken part in the crime. Police Commissioner Arul R.B. Krishna has denied any lapse in the missing-person investigation.
