facebook

മീനങ്ങാടി വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം

2 Min Read

വയനാട് : മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി. വടുവഞ്ചാൽ സ്‌കൂളിലേക്കാണ് സ്ഥലംമാറ്റം.

സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ആരോപണം നേരിട്ട പിടിഎ പ്രസിഡന്റിനെയും സ്ഥാനത്തുനിന്ന് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം

ഹൈദരാബാദിലേക്കുള്ള പഠനയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണവുമായി വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിനു പിന്നാലെ മീനങ്ങാടി സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

വിനോദയാത്ര കഴിഞ്ഞെത്തിയ പ്രിൻസിപ്പലിനെ മദ്യപിച്ചെന്നാരോപിച്ച് രക്ഷിതാക്കളടക്കമുള്ളവർ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ ഷിവി കൃഷ്ണന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി.

പരിശോധനാഫലത്തിലും തർക്കം

പരിശോധനാഫലം പുറത്തുവന്നതോടെ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് വിവാദം സൃഷ്ടിച്ചതെന്നും ഷിവി കൃഷ്ണൻ പ്രതികരിച്ചു. യാത്രയിൽ പങ്കെടുത്ത ഒരു വിഭാഗം വിദ്യാർഥികളും പ്രിൻസിപ്പലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ, രക്തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറായിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂറോളം കഴിഞ്ഞാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും അതിനാലാണ് പരിശോധനാഫലം നെഗറ്റീവായതെന്നുമാണ് ഇവരുടെ ആരോപണം.

യൂറിൻ പരിശോധനയെച്ചൊല്ലിയും ആരോപണം

മദ്യത്തിന്റെ സാന്നിധ്യം കൂടുതൽ സമയം കണ്ടെത്താനാകുമെന്ന വാദത്തോടെ യൂറിൻ പരിശോധന നടത്താൻ പ്രിൻസിപ്പൽ വിസമ്മതിച്ചതിലും ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം, അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റാനും പിടിഎ പ്രസിഡന്റിനെ മാറ്റാനും നിർദേശം നൽകിയിരിക്കുന്നത്.

English Summary : The principal of Meenangadi School in Wayanad, Shivi Krishnan, has been transferred to Vaduvanchal School following a controversy over a school trip to Hyderabad. An inquiry found serious lapses in following government instructions. The authorities have also recommended removing the PTA president who faced allegations in the incident.

Share This Article