facebook

അക്കൗണ്ടിൽ 10,000 കോടി രൂപ; സ്വന്തം സമ്പാദ്യമായ 55,000 രൂപ പോലും ഉപയോഗിക്കാനാകാതെ യുവാവ്

1 Min Read

ജയ്പുർ: മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാനായി ബാങ്ക് അക്കൗണ്ട് പരിശോധിച്ച മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കണ്ടത് അമ്പരപ്പിക്കുന്ന ബാലൻസ്. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ സമീർ ഖാന്റെ അക്കൗണ്ടിലാണ് 10,000 കോടിയിലധികം രൂപ പ്രതിഫലിച്ചത്. എന്നാൽ അപ്രതീക്ഷിതമായി അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വൻതുക സന്തോഷത്തിനു പകരം യുവാവിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

സിക്കറിലെ സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനാണ് സമീർ. മൊബൈൽ റീച്ചാർജ് ചെയ്യുന്നതിനായി ബാങ്കിങ് ആപ്പ് തുറന്ന് പിൻ നമ്പർ നൽകിയപ്പോഴാണ് അക്കൗണ്ടിലെ അസാധാരണമായ ബാലൻസ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകൾ ബാങ്ക് മരവിപ്പിച്ച കാര്യം വ്യക്തമായത്.

55,000 രൂപയുടെ സമ്പാദ്യവും ഉപയോഗിക്കാനായില്ല

അക്കൗണ്ടിലുണ്ടായിരുന്ന സ്വന്തം സമ്പാദ്യമായ 55,000 രൂപ പോലും പിൻവലിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത സാഹചര്യമുണ്ടായതോടെ സമീർ ആശങ്കയിലായി. ഉടൻതന്നെ കടയുടമ ധീരജ് ശർമയെ വിവരമറിയിച്ചു.

തുടർന്ന് ഇരുവരും സിക്കർ സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനായിരുന്നു പൊലീസിന്റെ നിർദേശം.

ബാങ്കിന്റെ സാങ്കേതിക തകരാർ; പണം തിരിച്ചുകിട്ടി

പിന്നീട് ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് അക്കൗണ്ടിൽ അസാധാരണമായ തുക പ്രതിഫലിക്കാൻ കാരണം സാങ്കേതിക തകരാറാണെന്ന് വ്യക്തമായത്. ബാങ്ക് പിഴവ് പരിഹരിച്ചതോടെ അക്കൗണ്ടിലെ യഥാർഥ ബാലൻസ് പുനഃസ്ഥാപിച്ചു.

ഇതോടെ സമീറിന് സ്വന്തം സമ്പാദ്യമായ 55,000 രൂപ വീണ്ടും ഉപയോഗിക്കാനായി. അപ്രതീക്ഷിതമായി കോടികളുടെ ബാലൻസ് കണ്ടതിനെത്തുടർന്ന് ഉണ്ടായ ആശങ്ക ബാങ്കിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെയാണ് അവസാനിച്ചത്.

Share This Article