ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക്കിന്റെ ശേഷി വർധിപ്പിക്കുന്ന നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ജിഎസ്എൽവി എഫ് 18 റോക്കറ്റിൽ വിക്ഷേപിച്ച എൻവിഎസ് 03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ പ്രതിരോധം, ഗതാഗതം, ഗതിനിർണയം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഈ നേട്ടം.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് രാത്രി 11.51നായിരുന്നു വിക്ഷേപണം. ഏകദേശം 19 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവിൽ 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചു.
നാവിക് സംവിധാനത്തിന്റെ ശേഷി വർധിപ്പിച്ച് എൻവിഎസ് 03
ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റിന്റെ ഇരുപതാമത്തെ ദൗത്യമാണിത്. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03. ഭൗമസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിൽനിന്ന് ഉപഗ്രഹത്തിലെ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്തിക്കും.
ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ശൃംഖലയായ നാവിക്കിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ അതിർത്തിയിൽനിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നാവിക്കിന്റെ സേവനം ലഭ്യമാക്കാനാകും.
കാർഗിൽ യുദ്ധം നൽകിയ പാഠത്തിൽനിന്ന് നാവിക്കിലേക്ക്
സ്വന്തമായി നാവിഗേഷൻ സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നിൽ 1999ലെ കാർഗിൽ യുദ്ധകാലത്തെ അനുഭവങ്ങളുണ്ട്. യുദ്ധത്തിനിടെ സൈനിക ആവശ്യങ്ങൾക്കായി ജിപിഎസ് വിവരങ്ങൾ നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു.
വിദേശ രാജ്യങ്ങളുടെ ഉപഗ്രഹ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നത് തന്ത്രപരമായ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇന്ത്യ സ്വന്തമായി നാവിഗേഷൻ ശൃംഖല വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയായാണ് നാവിക് പദ്ധതിക്ക് തുടക്കമായത്.
പ്രതിരോധ പ്രവർത്തനങ്ങൾക്കു പുറമെ ഗതാഗതം, കപ്പൽഗതാഗതം, വ്യോമയാനം, കൃത്യമായ സ്ഥാനനിർണയം തുടങ്ങിയ മേഖലകളിലും നാവിക്കിന്റെ സേവനം നിർണായകമാണ്. സ്വതന്ത്രമായ നാവിഗേഷൻ സംവിധാനത്തിന്റെ പ്രാധാന്യം സമീപകാല സൈനിക സാഹചര്യങ്ങളും വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നിർമിത അറ്റോമിക് ക്ലോക്ക് പ്രധാന സവിശേഷത
എൻവിഎസ് 03 ഉപഗ്രഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അറ്റോമിക് ക്ലോക്കാണ്. നാവിഗേഷൻ ഉപഗ്രഹങ്ങളിൽ കൃത്യമായ സമയനിർണയം അത്യാവശ്യമാണ്. സമയനിർണയത്തിലെ ചെറിയ പിഴവുകൾ പോലും ഉപഗ്രഹം നൽകുന്ന സ്ഥാനവിവരങ്ങളുടെ കൃത്യതയെ ബാധിക്കാം.
മുൻപ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അറ്റോമിക് ക്ലോക്കുകൾക്ക് തകരാർ സംഭവിച്ചത് നാവിക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഈ പരിമിതി മറികടക്കുന്നതിനാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച അറ്റോമിക് ക്ലോക്ക് പുതിയ ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിലൂടെ വിദേശ സാങ്കേതികവിദ്യകളിലുള്ള ആശ്രിതത്വം കുറയ്ക്കാനും നാവിക്കിന്റെ വിശ്വാസ്യതയും കൃത്യതയും മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
എൻവിഎസ് 04, 05 ഉപഗ്രഹങ്ങളും ഉടൻ
നാവിഗേഷൻ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എൻവിഎസ് 04, എൻവിഎസ് 05 ഉപഗ്രഹങ്ങളും വരുംനാളുകളിൽ വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി. ഇവ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനത്തിന്റെ ശേഷി കൂടുതൽ മെച്ചപ്പെടും.
വിദേശ സംവിധാനങ്ങളെ ആശ്രയിക്കാതെ രാജ്യത്തിന്റെ തന്ത്രപ്രധാന ആവശ്യങ്ങൾക്കായി സ്വതന്ത്രമായ നാവിഗേഷൻ സേവനം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ സുപ്രധാന മുന്നേറ്റമായാണ് എൻവിഎസ് 03 ദൗത്യം വിലയിരുത്തപ്പെടുന്നത്.
English Summary:
ISRO successfully launched the NVS-03 navigation satellite aboard the GSLV-F18 rocket from Sriharikota. The satellite is expected to strengthen India’s indigenous NavIC navigation system. Its key feature is an indigenously developed atomic clock designed to improve accuracy and reduce dependence on foreign technology.
