തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ, നിയമന ക്രമക്കേടുകളിൽ ചെയർമാൻ ഡോ. എം.ആർ. ബൈജുവിന്റെ പങ്ക് വ്യക്തമായതായി അന്വേഷണസംഘം വിലയിരുത്തുന്നു. തുടർച്ചയായ രണ്ടാംദിവസത്തെ ചോദ്യംചെയ്യലിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ ചെയർമാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകളും മൊഴികളും അന്വേഷണത്തിന് വഴിത്തിരിവാകുന്നു.
പി.എസ്.സി ക്രമക്കേട്: ചെയർമാന്റെ മറുപടികളിൽ വൈരുധ്യം
ചോദ്യംചെയ്യലിനിടെ കണ്ടെത്തിയ വീഴ്ചകൾ സാങ്കേതിക പിഴവുകളാണെന്നായിരുന്നു ചെയർമാൻ എം.ആർ. ബൈജുവിന്റെ വിശദീകരണം. എന്നാൽ, രേഖകൾ മുന്നിൽവച്ച് ചോദ്യംചെയ്തപ്പോൾ തീരുമാനങ്ങളെല്ലാം തന്റെ അധികാരപരിധിയിലാണെന്ന് അദ്ദേഹം മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്.
വീഴ്ചകളുടെ ഉത്തരവാദിത്വവും ചെയർമാനിൽ തന്നെയാണെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം മൗനം പാലിച്ചു. എല്ലാ ചോദ്യങ്ങൾക്കും മൂല്യനിർണയം നടത്താതിരുന്നത് സാങ്കേതിക പിഴവാണെങ്കിൽ, അത് ബോധ്യമായശേഷം തിരുത്താത്തത് എന്തുകൊണ്ടാണെന്നും അന്വേഷണസംഘം ചോദിച്ചു.
ഇതിനുമുമ്പുതന്നെ കേസെടുത്തിട്ടുണ്ടെന്നായിരുന്നു ചെയർമാന്റെ മറുപടി.
പി.എസ്.സി ക്രമക്കേടിൽ നിർണായക മൊഴികൾ
വിജിലൻസ് എസ്.പിയടക്കം വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതിരുന്നതെന്തെന്ന ചോദ്യത്തിനും ചെയർമാൻ മറുപടി നൽകിയില്ലെന്നാണ് വിവരം.
അതേസമയം, പി.എസ്.സി കമ്മിഷൻ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികൾ ചെയർമാനെതിരാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. തീരുമാനങ്ങളെല്ലാം ചെയർമാനും രണ്ട് അംഗങ്ങളും ചേർന്നാണ് എടുക്കുന്നതെന്നാണ് ഭൂരിഭാഗം പേരും മൊഴി നൽകിയതെന്ന് റിപ്പോർട്ടുണ്ട്.
ചെയർമാന്റെ പങ്ക് തെളിയിക്കുന്ന സുപ്രധാന രേഖകളും എസ്.ഐ.ടിക്ക് കൈമാറിയിട്ടുണ്ട്.
എല്ലാ ചോദ്യങ്ങൾക്കും മൂല്യനിർണയം നടത്താൻ നൽകാതിരുന്നത്, അഭിമുഖത്തിൽ ഉയർന്ന മാർക്ക് വാരിക്കോരി നൽകിയതും ഉത്തരക്കടലാസ് പകർപ്പുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിൽ കാലതാമസം വരുത്തിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
പി.എസ്.സി സെക്രട്ടറി സാജു ജോർജിനും നോട്ടീസ്
അതിനിടെ, പി.എസ്.സി സെക്രട്ടറി സാജു ജോർജിനോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ എസ്.ഐ.ടി നോട്ടീസ് നൽകി. 12 കമ്മിഷൻ അംഗങ്ങളോട് തിങ്കളാഴ്ച മുതൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്ന് നോട്ടീസ് നൽകും.
സെക്രട്ടറിയെ ഒഴിവാക്കി ചെയർമാൻ തീരുമാനങ്ങൾ എടുത്തിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടായാണ് തീരുമാനങ്ങളെടുത്തതെന്ന ചെയർമാന്റെ മൊഴിക്ക് വിരുദ്ധമാണ് കമ്മിഷൻ അംഗങ്ങളുടെ മൊഴികൾ.
റിമാൻഡിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ മൊഴിക്ക് സമാനമാണ് ചെയർമാന്റെ വിശദീകരണമെന്നും റിപ്പോർട്ടുണ്ട്. സതീഷിനെയും അഡീഷണൽ സെക്രട്ടറി ആർ. ഹരിയെയും സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
സോഫ്റ്റ്വെയർ പിശകാണെന്ന വിശദീകരണം ചെയർമാൻ ആവർത്തിച്ചു. എല്ലാ കമ്മിഷൻ അംഗങ്ങളുടെയും മൊഴിയെടുത്തശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യും. പരമാവധി തെളിവുകൾ ശേഖരിച്ചശേഷം അറസ്റ്റ് ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം.
47 ചോദ്യങ്ങൾ ഓൺലൈൻ ഗൈഡിൽനിന്ന്; പുതിയ കേസ്
പി.എസ്.സിക്കെതിരെ മറ്റൊരു കേസ് കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു. 2023ലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്.
100 ചോദ്യങ്ങളിൽ 47 എണ്ണവും ഒരു ഓൺലൈൻ ഗൈഡിൽനിന്ന് അതേപടി പകർത്തിയെന്നാണ് കണ്ടെത്തൽ. ചോദ്യങ്ങൾ ചോർത്തി നൽകുന്നതിന് സമാനമായ ക്രമക്കേടാണിതെന്നാണ് കേസിലെ ആരോപണം.
എന്നാൽ, കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമന ക്രമക്കേടുകളിലും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
പി. സതീഷ് റിമാൻഡിൽ; ആർ. ഹരിക്കായി തിരച്ചിൽ
കോഴിക്കോട് അറസ്റ്റിലായ പി. സതീഷിനെ തിരുവനന്തപുരത്ത് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങുന്ന സതീഷിനെ പി.എസ്.സി ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
അതേസമയം, കുടുംബസമേതം ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്ടത്തെ അദ്ദേഹത്തിന്റെ വീട് പൂട്ടിക്കിടക്കുകയാണ്.
ഹരിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
English Summary:
The Special Investigation Team (SIT) is considering the arrest of Kerala PSC Chairman Dr. M.R. Baiju over alleged examination and recruitment irregularities. Investigators reportedly found serious lapses during consecutive questioning sessions. Statements from commission members and officials, along with key documents, are said to point to the chairman’s role. The SIT has also issued a notice to PSC Secretary Saju George and plans to question 12 commission members. Meanwhile, a new case has been registered over alleged copying of 47 questions from an online guide in the 2023 Assistant Motor Vehicle Inspector examination. Former Deputy Secretary P. Satheesh has been remanded, while Additional Secretary R. Hari remains untraceable.
