തിരുവനന്തപുരം: കെ ടെറ്റ് (KTET) യോഗ്യതയില്ലെങ്കിലും പി.എസ്.സി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് അധ്യാപകരായി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. കെ ടെറ്റ് ഇല്ലാതെ നിയമന അംഗീകാരം ലഭിച്ച അധ്യാപകർക്ക് ഗ്രേഡും ഇൻക്രിമെന്റും അനുവദിക്കാനും പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു പുറത്തിറക്കിയ ഉത്തരവിൽ നിർദേശമുണ്ട്. ഇതോടെ കെ ടെറ്റ് യോഗ്യതയില്ലാത്തതിന്റെ പേരിൽ നിയമനവും ആനുകൂല്യങ്ങളും തടസ്സപ്പെട്ട അധ്യാപകർക്ക് ആശ്വാസമാകും.
കെ ടെറ്റ് ഇളവ്: പി.എസ്.സി നിയമന ശുപാർശ ലഭിച്ചവർക്ക് പ്രൊവിഷണൽ നിയമനം
പി.എസ്.സി അപേക്ഷ ക്ഷണിച്ച സമയത്ത് കെ ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് നിലവിൽ വന്നിരുന്നില്ല. അതിനാൽ അന്നത്തെ വിജ്ഞാപനത്തിൽ കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയിരുന്നില്ല.
എന്നാൽ, ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകിയപ്പോഴേക്കും കെ ടെറ്റ് നിർബന്ധമാക്കിയതോടെ നിയമന നടപടികൾ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് യോഗ്യതയില്ലാത്തവർക്കും നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്.
പ്രൊവിഷണൽ അടിസ്ഥാനത്തിലായിരിക്കും നിയമനം. പിന്നീട് കെ ടെറ്റ് പാസാകുന്ന മുറയ്ക്ക് നിയമന ശുപാർശയിലെ സീനിയോറിറ്റി നിലനിർത്തി നിയമനം ക്രമീകരിക്കും.
കെ ടെറ്റ് ഇല്ലാത്ത അധ്യാപകർക്കും ശമ്പളം അനുവദിക്കും
2025 സെപ്റ്റംബർ ഒന്നിന് മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കെ ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്ത അധ്യാപകർക്കും ആനുകൂല്യം ലഭിക്കും.
2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ ശമ്പളം അനുവദിക്കുന്നതിനായി ഇവരുടെ ദിവസവേതന നിയമനം അംഗീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം മാത്രമേ നിയമന അംഗീകാരം നൽകാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഗ്രേഡും ഇൻക്രിമെന്റും തടയരുത്
2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമന അംഗീകാരം ലഭിച്ച അധ്യാപകരുടെ ഗ്രേഡും ഇൻക്രിമെന്റും കെ ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ തടയേണ്ടതില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഇതോടെ കെ ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട അധ്യാപകർക്ക് അവ ലഭിക്കുന്നതിന് വഴിയൊരുങ്ങും.
ഹെഡ്മാസ്റ്റർ പ്രൊമോഷനും മുൻകാല പ്രാബല്യത്തിൽ അംഗീകാരം
കെ ടെറ്റ് യോഗ്യതയില്ലാതെ ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ചവർ പിന്നീട് കെ ടെറ്റ് നേടിയിട്ടുണ്ടെങ്കിൽ അവർക്ക് നിയമന അംഗീകാരം നൽകണം.
ഹെഡ്മാസ്റ്ററായി നിയമിതരായ തീയതി മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കണം അംഗീകാരം നൽകേണ്ടത്. ഇവർ സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് കെ ടെറ്റ് നേടിയതെങ്കിലും ഈ വ്യവസ്ഥ ബാധകമായിരിക്കും.
അതേസമയം, കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമന അംഗീകാരവും പ്രൊമോഷനും നൽകുന്നതിന് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി ആർക്കും നിയമന അംഗീകാരം നൽകേണ്ടതില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary:
The Kerala government has decided to grant provisional appointments to candidates who received PSC appointment recommendations without possessing the KTET qualification. The order issued by General Education Special Secretary Dr. D. Sajith Babu also allows eligible teachers to receive grades and increments without KTET. Teachers who worked on a daily-wage basis before September 1, 2025, and were denied salaries due to the lack of KTET may also receive payment after individual verification. Teachers who obtained KTET after being promoted as headmasters, including those who have retired, will also be eligible for appointment approval with retrospective effect from their appointment date.
