കൊച്ചി: കൊച്ചി സിനഗോഗിന് നേരെയുണ്ടായ തീവയ്പ്പിന് പിന്നിൽ വിദേശത്തുനിന്നുള്ള ആസൂത്രിത നീക്കമുണ്ടോയെന്ന് അന്വേഷിച്ച് അന്വേഷണ ഏജൻസികൾ. കേസിൽ അറസ്റ്റിലായ എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് 2,000 യുഎസ് ഡോളർ എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തീവയ്പ്പ് നടത്തി ദൃശ്യങ്ങൾ കൈമാറിയതിന് പ്രതിഫലമായി ക്രിപ്റ്റോകറൻസി വഴിയാണ് പണം ലഭിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ക്രിപ്റ്റോകറൻസി വഴി പണം ലഭിച്ചെന്ന് പൊലീസ്
തീവയ്പ്പിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ബന്ധപ്പെട്ടവർക്ക് കൈമാറിയതിനാണ് പ്രതിക്ക് പണം ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എബിന്റെ അക്കൗണ്ടിലേക്ക് എത്തിയ 2,000 ഡോളറിന്റെ ഇടപാടുകളും പണത്തിന്റെ ഉറവിടവും അന്വേഷണവിധേയമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ചിലരുമായി എബിൻ ബന്ധം സ്ഥാപിച്ചത് ടെലഗ്രാം വഴിയാണെന്നും പൊലീസ് സംശയിക്കുന്നു. ചെറിയ ആക്രമണങ്ങളിലൂടെ ഇയാളെ കൂടുതൽ വലിയ ആക്രമണങ്ങൾക്കായി പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നതായാണ് റിപ്പോർട്ട്.
വിദേശത്തുനിന്നുള്ള ആസൂത്രിത നീക്കമെന്ന് സംശയം
തീവയ്പ്പിന്റെ ദൃശ്യങ്ങൾ പകർത്തി ബന്ധപ്പെട്ടവർക്ക് കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നിൽ വിദേശത്തുനിന്നുള്ള ആസൂത്രിത ഇടപെടലുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സാമ്പത്തിക ഇടപാടുകളും ഓൺലൈൻ ബന്ധങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.
ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ. എന്നാൽ ഈ ആരോപണങ്ങളുടെ പൂർണവിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
സിനഗോഗ് കേസ് എൻഐഎ ഏറ്റെടുത്തു
കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്ട്, 2008ലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.
നേരത്തെ കേരള പൊലീസ് കേസിൽ യുഎപിഎ ചുമത്തിയിരുന്നു. വിദേശബന്ധം, ക്രിപ്റ്റോകറൻസി ഇടപാടുകൾ, ടെലഗ്രാം വഴിയുള്ള ആശയവിനിമയം, തീവയ്പ്പിന്റെ ദൃശ്യങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഇനി എൻഐഎ അന്വേഷണത്തിന്റെ ഭാഗമാകും.
English Summary:
Police investigating the fire at a Kochi synagogue suspect a possible foreign link. According to the investigation, the bank account of arrested accused Ebin Babupole received an amount equivalent to 2,000 US dollars, allegedly through cryptocurrency as payment for carrying out the attack and sharing its visuals. Investigators suspect he established contact with people abroad through Telegram. The National Investigation Agency (NIA) has taken over the case under the provisions of the NIA Act, 2008. Kerala Police had earlier invoked the Unlawful Activities (Prevention) Act (UAPA).
