കൊച്ചി: കഞ്ചാവ് കേസിലെ വാറന്റ് പ്രതിയെ അന്വേഷിച്ചെത്തിയ ഇടുക്കി ജില്ലയിൽ നിന്നുള്ള എക്സൈസ് സംഘം വീടുമാറി അതിക്രമം നടത്തിയെന്ന പരാതിയിൽ നിയമനടപടിക്കൊരുങ്ങി ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ദമ്പതികൾ.
മലപ്പുറം സ്വദേശികളായ കെ. അൻഷാദും ഭാര്യയുമാണ് അധികൃതരെയും കോടതിയെയും സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ നടന്ന സംഭവത്തിൽ വീടിന്റെ വാതിലിലും ജനലിലും ഉദ്യോഗസ്ഥർ ശക്തമായി മുട്ടുകയും വാതിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.
അന്വേഷിച്ചെത്തിയ പ്രതിയുടെ വീടല്ലെന്ന് വ്യക്തമായിട്ടും എക്സൈസ് സംഘം മാപ്പുപറയാൻ തയാറായില്ലെന്നും സംഭവത്തെ തുടർന്ന് താനും ഭാര്യയും കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും അൻഷാദ് പറയുന്നു. തങ്ങൾക്കുണ്ടായ മാനനഷ്ടത്തിനും നാശനഷ്ടത്തിനും പരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പുലർച്ചെ വീട്ടിലെത്തിയത് നാലംഗ എക്സൈസ് സംഘം
ഫോർട്ട് കൊച്ചി അധികാരിവളപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലാണ് എക്സൈസ് സംഘം എത്തിയത്. ഇടുക്കിയിൽനിന്നുള്ള വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവ് കേസിലെ വാറന്റ് പ്രതിയായ ഷിറാസിനെ അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർക്ക് പ്രതിയുടെ വീട് കൃത്യമായി കണ്ടെത്താനായില്ലെന്നാണ് വിവരം.വീടിന്റെ സ്ഥലം അടയാളപ്പെടുത്തിയ ഗൂഗിൾ മാപ്പിന്റെ പ്രിന്റ് കൈവശമുണ്ടായിരുന്ന സംഘത്തിന് വഴിയിൽ കണ്ട ഒരാളോട് ചോദിച്ചശേഷം തെറ്റായ വീട്ടിലെത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മതിൽ ചാടിക്കടന്നെത്തിയ രണ്ടുപേർ വാതിലിലും ജനലിലും ശക്തമായി മുട്ടുകയും ലൈറ്റ് തെളിക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.
വീട്ടിൽ ഭാര്യ മാത്രം; ഭയന്ന് ഭർത്താവിനെ വിളിച്ചു
സംഭവസമയത്ത് അൻഷാദിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി വാതിലിൽ ശക്തമായി മുട്ടുന്നതും അകത്തുകയറുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേട്ട് യുവതി ഭയന്നുപോയി.
ആരാണെന്ന് ചോദിച്ചെങ്കിലും എത്തിയവർ വ്യക്തമായ മറുപടി നൽകിയില്ലെന്നും വാതിൽ തുറന്നില്ലെങ്കിൽ പൊളിച്ച് അകത്തുകയറുമെന്ന് പറഞ്ഞെന്നുമാണ് അൻഷാദിന്റെ ആരോപണം.ഭയന്ന യുവതി ഉടൻ ഭർത്താവിനെ ഫോണിൽ വിളിച്ചു.
ബഹളം കേട്ട് സമീപവാസികളും വീട്ടുടമയും സ്ഥലത്തെത്തിയതോടെയാണ് വീടുമാറിയെത്തിയതാണെന്ന് വ്യക്തമായതെന്ന് അൻഷാദ് പറയുന്നു. പ്രതി ഷിറാസിന്റെ ചിത്രം വീട്ടുടമയെ കാണിച്ചപ്പോഴാണ് സമീപത്തെ മറ്റൊരു വീട്ടിലാണ് ഇയാൾ താമസിക്കുന്നതെന്ന് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
മാപ്പുപറഞ്ഞില്ലെന്ന് പരാതി; പൊലീസിനെയും സമീപിച്ചു
സംഭവസ്ഥലത്തെത്തിയ അൻഷാദ് എക്സൈസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. വീടുമാറിയെത്തിയതാണെന്ന് പറഞ്ഞെങ്കിലും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെ ഫോർട്ട് കൊച്ചി പൊലീസ് ബന്ധപ്പെട്ടതായും തുടർന്ന് സ്റ്റേഷനിലെത്തിയതായും അൻഷാദ് പറഞ്ഞു. എന്നാൽ പ്രശ്നം സംസാരിച്ച് തീർത്തുകൂടേയെന്നാണ് പൊലീസ് ചോദിച്ചതെന്നും തങ്ങൾ നേരിട്ട ബുദ്ധിമുട്ടിന് പരിഹാരം വേണമെന്ന് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി നൽകിയപ്പോൾ രസീത് ലഭിച്ചെങ്കിലും കേസെടുക്കാൻ തയാറായില്ലെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം.
‘ഇത് മറ്റൊരു കുടുംബത്തിനും സംഭവിക്കരുത്’
ഫോർട്ട് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന അൻഷാദ് സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ്. അപകടത്തിൽ പരുക്കേറ്റ് ഒന്നര വർഷത്തോളം കിടപ്പിലായിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക ശേഷി പരിമിതമാണെന്നും അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, ഭാര്യയ്ക്കുണ്ടായ അനുഭവം മറ്റൊരു കുടുംബത്തിനും ആവർത്തിക്കരുതെന്നതിനാൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം.“എന്റെ ഭാര്യക്കുണ്ടായ ഇത്തരമൊരു ബുദ്ധിമുട്ട് നാളെ വേറൊരാൾക്ക് ഉണ്ടാകരുത്. ഇത്തരത്തിലൊരു തോന്ന്യാസം നാളെ വേറൊരു വീട്ടിൽക്കയറി കാണിക്കരുത്,” അൻഷാദ് പറഞ്ഞു.
സംഭവത്തിൽ വീടിന്റെ സ്ഥാനം മാറിപ്പോയതാണ് പരിശോധന തെറ്റാൻ കാരണമായതെന്നാണ് എക്സൈസ് സംഘത്തിന്റെ വിശദീകരണം.
English Summary : A couple living in Fort Kochi is preparing to pursue legal action after alleging that an Excise team from Idukki entered their rented home by mistake while searching for a cannabis case warrant accused. The incident reportedly occurred around 4 a.m. on Wednesday, when the woman was alone at home. Husband K. Anshad alleges that the officials failed to apologise after realising the mistake and says the family is seeking compensation for the distress and damage caused. The Excise team reportedly attributed the incident to an incorrect location.
