ലക്നൗവിൽ കാമുകിയുടെ നാലാം നിലയിലെ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. ഒക്ടോബർ ഒൻപതിനാണ് ലക്നൗ സ്വദേശിയായ ശിവയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്ക്കെതിരെ കൊലപാതകം, ആക്രമണം, ബ്ലാക്ക്മെയിലിങ് എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവയെ ഫ്ലാറ്റിൽ തടവിലാക്കി പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ രഞ്ജന ശർമ ആരോപിച്ചതോടെ അന്വേഷണം കൂടുതൽ സങ്കീർണമായി.
ഫ്ലാറ്റിലെ കണ്ടെത്തലുകളും ഔഡി കാറും അന്വേഷണത്തിൽ
ശ്രദ്ധ ദുബേയുടെ ഫ്ലാറ്റിൽനിന്ന് ലൈംഗിക ഉപകരണങ്ങളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ശിവയുടെ മരണത്തിനു പിന്നാലെ ഫ്ലാറ്റിലെത്തിയ വെളുത്ത ഔഡി കാറിന്റെ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു.
കാറിൽ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.ശിവ താഴേക്ക് വീണ് ഏകദേശം 15 മിനിറ്റിനുശേഷമാണ് കാർ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെത്തിയത്.
കെട്ടിടത്തിനു സമീപം ചുറ്റിക്കറങ്ങിയശേഷം വാഹനം മടങ്ങിപ്പോയി. ഇതിൽ സംശയം തോന്നിയ പൊലീസ് കാറിലുണ്ടായിരുന്നവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
ശ്രദ്ധയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. ശിവ താഴേക്ക് വീണതിനു പിന്നാലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് ചിലർ സംഭവസ്ഥലത്തുനിന്ന് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധയുടെയും സഹോദരിയുടെയും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.ശ്രദ്ധയുമായി അടുത്ത ബന്ധമുള്ള ചിലരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രദ്ധയുടെ സഹോദരി, ഡ്രൈവർ, മറ്റ് രണ്ടുപേർ എന്നിവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തടവിലാക്കി പീഡിപ്പിച്ചെന്ന് അമ്മയുടെ ആരോപണം
നാലഞ്ച് മാസമായി ശിവ ശ്രദ്ധയോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് അമ്മ രഞ്ജന ശർമ പറഞ്ഞു. ഫ്ലാറ്റിൽനിന്ന് താഴേക്ക് തള്ളിയിടുന്നതിനു മുൻപ് മകനെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് അമ്മയുടെ ആരോപണം.
മകന്റെ കണ്ണിനും താടിയെല്ലിനും പരുക്കുകളുണ്ടായിരുന്നുവെന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുകൾ കണ്ടെത്തിയെന്നും അവർ പരാതിയിൽ പറയുന്നു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകളും മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങളും ശരീരത്തിൽ മേക്കപ്പും ഉണ്ടായിരുന്നുവെന്നും അമ്മ ആരോപിച്ചു. മരിക്കുമ്പോൾ മകൻ ഉൾവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നും അവർ പറഞ്ഞു.
ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം
രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കുമെന്ന് ശ്രദ്ധ ശിവയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ആരോപിച്ചു.
വീണ്ടും ജയിലിലടയ്ക്കുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ പറഞ്ഞു.ഓഗസ്റ്റ് 30ന് ലക്നൗവിലെ ഗോമതി നഗറിൽ നടന്ന വെടിവയ്പ് കേസിൽ ശിവയെ പ്രതി ചേർത്തിരുന്നു.
ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീട് സ്പെഷൽ ടാസ്ക് ഫോഴ്സ് ശിവയെ അറസ്റ്റ് ചെയ്തു. ജയിലിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
ശ്രദ്ധ ദുബേയുടെ വ്യക്തിജീവിതവും അന്വേഷണപരിധിയിൽ
ശ്രദ്ധ ദുബേയ്ക്ക് ഒരു മകനുണ്ട്. 2022ൽ ഭർത്താവുമായി വിവാഹമോചനം നേടിയശേഷം അവർ ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയെന്നാണ് ലഭ്യമായ വിവരം.
മുൻ ഭർത്താവും മകനും റായ്ബറേലിയിലാണ് താമസിക്കുന്നത്. അവരുമായി ശ്രദ്ധയ്ക്ക് പരിമിതമായ ബന്ധം മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്രദ്ധയ്ക്ക് ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമയുമുണ്ട്. അതേസമയം, ശിവയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
അമ്മയുടെ ആരോപണങ്ങളും സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
English Summary : Businessman Shiva Sharma was found dead after falling from the fourth-floor apartment of his girlfriend, social media influencer Shraddha Dubey, in Lucknow on October 9. His mother, Ranjana Sharma, has alleged that he was confined and brutally assaulted before his death. Police are examining CCTV footage, investigating a white Audi car that arrived at the apartment complex shortly after the incident, and questioning people linked to Dubey. Dubey has been booked on charges including murder, assault and blackmail, while the allegations remain subject to investigation.
