കോഴിക്കോട്: വീട്ടിലെ വരാന്തയിൽ തലയിടിച്ച് വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് വളയത്താണ് സംഭവം. ജിതിൻ–ബിജിഷ ദമ്പതികളുടെ മകൻ യവിൻ യുവിക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
### കോഴിക്കോട് രണ്ട് വയസുകാരന് ദാരുണാന്ത്യം; അപകടം വീട്ടിൽ
വീണതിന് പിന്നാലെ കുട്ടി അൽപനേരം കരഞ്ഞിരുന്നു. പിന്നീട് മയങ്ങിപ്പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഉണർന്നില്ല. തുടർന്ന് വീട്ടുകാർ വിളിച്ചുനോക്കിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അത്വിക് ആണ് യവിൻ യുവിക്കിന്റെ സഹോദരൻ.
### കുട്ടികൾ തലയിടിച്ച് വീണാൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
കുട്ടികൾ വീഴ്ചയിൽ തലയിടിച്ചാൽ പരിക്ക് നിസ്സാരമാണെന്ന് കരുതി അവഗണിക്കരുത്. ചില ലക്ഷണങ്ങൾ ഗുരുതരമായ തലക്കേറ്റ പരിക്കിന്റെ സൂചനകളാകാം.
* ആവർത്തിച്ചുള്ള ഛർദി
* അമിതമായ മയക്കം അല്ലെങ്കിൽ ഉണർത്താൻ പ്രയാസം
* അസാധാരണമായ ക്ഷീണം, പെരുമാറ്റത്തിൽ മാറ്റം
* കഠിനമായ തലവേദന
* ബോധക്ഷയം അല്ലെങ്കിൽ അപസ്മാരം
* മൂക്കിലൂടെയോ ചെവിയിലൂടെയോ രക്തമോ തെളിഞ്ഞ ദ്രാവകമോ വരിക
* കാഴ്ചാപ്രശ്നങ്ങൾ, ഓർമക്കുറവ്
* കൈകാലുകൾക്ക് ബലക്കുറവ്
ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. കുട്ടിക്ക് ബോധനിലയിൽ മാറ്റമുണ്ടാകുകയോ ഉണർത്താൻ പ്രയാസമുണ്ടാകുകയോ ചെയ്താൽ അടിയന്തര ചികിത്സ ആവശ്യമാണ്.
### തലയിടിച്ചാൽ പ്രഥമശുശ്രൂഷയിൽ ശ്രദ്ധിക്കാം
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ നിരീക്ഷിക്കുകയും അപകടസൂചനകൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കുകയും വേണം. കുട്ടിക്ക് കഴുത്തിനോ നട്ടെല്ലിനോ പരിക്കുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ അനാവശ്യമായി ചലിപ്പിക്കരുത്.
തലയിൽ മുറിവുണ്ടെങ്കിൽ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന സംശയമില്ലാത്ത സാഹചര്യത്തിൽ മാത്രം വൃത്തിയുള്ള തുണികൊണ്ട് മൃദുവായി സമ്മർദം നൽകാം. വീക്കം ഉണ്ടായാൽ തുണിയിൽ പൊതിഞ്ഞ ഐസ് പാക്ക് മൃദുവായി വയ്ക്കാം. മുറിവിൽ ശക്തിയായി അമർത്തുകയോ തിരുമ്മുകയോ ചെയ്യരുത്.
തലയിടിച്ചതിന് പിന്നാലെ കുട്ടി കരഞ്ഞു എന്നതുകൊണ്ടുമാത്രം ഗുരുതരമായ പരിക്കില്ലെന്ന് ഉറപ്പിക്കാനാവില്ല. കുട്ടിയുടെ ബോധനിലയിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. ആവശ്യമായ പരിശോധനകളും ചികിത്സയും ഡോക്ടറുടെ നിർദേശപ്രകാരം നടത്തണം.
English Summary: A two-year-old boy, Yavin Yuvik, son of Jithin and Bijisha, died after reportedly hitting his head in a fall at his home in Valayam, Kozhikode. He was taken to hospital after becoming unresponsive, but doctors could not save him. The report also highlights warning signs and first-aid precautions following head injuries in children.
