facebook

ചാവക്കാട് കുഞ്ഞിന്റെ മരണത്തിലും ദുരൂഹത; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പുറത്തെടുക്കാൻ അനുമതി

2 Min Read

തൃശൂർ ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ, വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് പോലീസിന് ഇതിനുള്ള അനുമതി നൽകിയത്.

ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ മകൻ 2021 ജനുവരി 10-നാണ് മരണപ്പെടുന്നത്. അന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കാതെയായിരുന്നു മൃതദേഹം മറവ് ചെയ്തിരുന്നത്.​

എന്നാൽ 2026 മാർച്ച് 20-ന് തങ്ങളുടെ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മുഹ്സിന മരണപ്പെട്ടതോടെയാണ് പഴയ സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നത്. ഭർത്താവ് ആവശ്യമായ ചികിത്സ നൽകാത്തതിനെ തുടർന്നാണ് മുഹ്സിന മരണപ്പെട്ടതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

ഈ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കവെയാണ് കുഞ്ഞിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന സംശയത്തിൽ മൃതദേഹം പുറത്തെടുക്കാൻ ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.​

ഭർത്താവിനും അക്യുപംക്ചർ സ്ഥാപനത്തിനുമെതിരെ കേസ്​

കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ഇബ്രാഹിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിൽ പ്രവർത്തിക്കുന്ന ഫെയ്‌സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകനായ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.​

യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ അക്യുപംക്ചർ ചികിത്സയുടെ പങ്കും മതിയായ വൈദ്യസഹായം ലഭ്യമാക്കാതിരുന്നതും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്ത പരിശോധിക്കുന്നതോടെ മരണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.​

English Summary​ : A court in Thrissur has ordered the exhumation and postmortem examination of a four-day-old infant who died in Chavakkad in January 2021. The order by the Thrissur Sub-Divisional Magistrate comes during an ongoing investigation into the death of the child’s mother, Muhsina, in March 2026 due to lack of proper medical care. Police have registered cases against the husband, Ibrahim, and two acupuncture practitioners associated with the incident

Share This Article