ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കാൻ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള നീക്കവുമായി അമേരിക്ക, ചൈന, റഷ്യ. ഭാവിയിലെ ചാന്ദ്രനിലയങ്ങൾക്കും വിഭവപര്യവേക്ഷണത്തിനും വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ചൊവ്വ ഉൾപ്പെടെയുള്ള അന്യഗ്രഹ ദൗത്യങ്ങൾക്കും ഈ സാങ്കേതികവിദ്യ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ചന്ദ്രനിൽ ആണവ റിയാക്ടർ എന്തിന്?
ചന്ദ്രനിലെ ഒരു രാത്രി ഭൂമിയിലെ രണ്ടാഴ്ചയിലേറെ നീളും. അതിനാൽ സൗരോർജത്തെ മാത്രം ആശ്രയിച്ച് ചാന്ദ്രനിലയങ്ങൾക്ക് തുടർച്ചയായി വൈദ്യുതി നൽകുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.ഇതോടെ ദീർഘകാല വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ആണവ റിയാക്ടറുകളെ ആശ്രയിക്കാനുള്ള സാധ്യത ശക്തമാകുകയാണ്.
ഭാവിയിലെ മനുഷ്യദൗത്യങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും സ്ഥിരമായ ഊർജവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.2030ൽ അമേരിക്കയുടെ ചാന്ദ്ര റിയാക്ടർ2030-ഓടെ ‘ലൂണാർ റിയാക്ടർ 1’ (LR1) സ്ഥാപിക്കാനാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പദ്ധതി.
20 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് റിയാക്ടർ രൂപകൽപന ചെയ്യുന്നത്. കൂടാതെ, മനുഷ്യരുടെ ഇടപെടലില്ലാതെ അഞ്ച് വർഷം വരെ പ്രവർത്തിപ്പിക്കാനും കഴിയുന്ന തരത്തിലായിരിക്കും സംവിധാനം.
ചൈനയും റഷ്യയും സംയുക്ത നീക്കത്തിൽ
അതേസമയം, ചൈനയും റഷ്യയും ചേർന്ന് വികസിപ്പിക്കുന്ന ‘സെലീന’ റിയാക്ടർ 2036-ഓടെ ചന്ദ്രനിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.10 കിലോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനും 10 വർഷത്തോളം സ്വയം പ്രവർത്തിക്കാനും കഴിയുന്ന രീതിയിലാണ് റിയാക്ടർ വികസിപ്പിക്കുന്നത്. ചൈനയുടെ അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണകേന്ദ്രത്തിന് ആവശ്യമായ വൈദ്യുതി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകം
ചന്ദ്രനിലെ സ്ഥിരം മനുഷ്യസാന്നിധ്യത്തിനൊപ്പം വിഭവപര്യവേക്ഷണത്തിനും ഭാവിയിലെ ചാന്ദ്രനിലയങ്ങൾക്കും വൈദ്യുതി പ്രധാന ഘടകമാണ്. കൂടാതെ, ചൊവ്വ ഉൾപ്പെടെയുള്ള മറ്റ് അന്യഗ്രഹ ദൗത്യങ്ങൾക്കും ദീർഘകാല ഊർജസ്രോതസ്സുകൾ ആവശ്യമാണ്.
മറുവശത്ത്, ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള അമേരിക്ക, ചൈന, റഷ്യ എന്നിവരുടെ പദ്ധതികൾ ബഹിരാകാശ ഗവേഷണ രംഗത്തെ രാജ്യങ്ങളുടെ മത്സരവും കൂടുതൽ ശക്തമാക്കുകയാണ്.
English summary:The United States, China and Russia are competing to establish nuclear reactors on the Moon to support long-term human presence, future lunar bases and resource exploration. NASA plans to deploy its Lunar Reactor 1 by 2030, with a target output of 20 kW and five years of autonomous operation. China and Russia are jointly developing the Selena reactor, targeting deployment by 2036 with up to 10 kW of power and 10 years of autonomous operation.
