ആകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം പെട്ടെന്ന് അപ്രത്യക്ഷമാകുകയും അൽപ്പസമയത്തിനുശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന കാഴ്ചയ്ക്ക് സാക്ഷിയാകാൻ അവസരം. ഒക്ടോബർ 6ന് ചന്ദ്രൻ വ്യാഴത്തിന് മുന്നിലൂടെ കടന്നുപോകുന്നതോടെയാണ് ഈ അപൂർവ ആകാശപ്രതിഭാസം അരങ്ങേറുന്നത്. വടക്കേ അമേരിക്കയിലെ ചില പ്രദേശങ്ങളിൽ പുലർച്ചെ ഈ വിസ്മയക്കാഴ്ച നേരിട്ട് നിരീക്ഷിക്കാനാകും.
ചന്ദ്രന്റെ പ്രകാശമുള്ള അരികിന് പിന്നിലേക്ക് വ്യാഴം മറയുകയും ഏകദേശം ഒരു മണിക്കൂറിനുശേഷം ഇരുണ്ട ഭാഗത്തുനിന്ന് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ജ്യോതിശാസ്ത്രത്തിൽ ഗ്രഹമറയൽ അഥവാ Occultation എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ആകാശനിരീക്ഷകർക്ക് കൗതുകകരമായ അനുഭവമായിരിക്കും.
എവിടെയൊക്കെ ചന്ദ്രൻ വ്യാഴത്തെ മറയ്ക്കും?
അമേരിക്കയുടെ കിഴക്കൻ, മധ്യ മേഖലകളിലും തെക്കൻ കാനഡയിലെ ചില പ്രദേശങ്ങളിലുമാണ് ഈ പ്രതിഭാസം വ്യക്തമായി കാണാനാകുക. ഒക്ടോബർ 6ന് പുലർച്ചെ ഏകദേശം 2.30ഓടെ കിഴക്ക്-വടക്കുകിഴക്കൻ ആകാശത്താണ് ചന്ദ്രനെയും വ്യാഴത്തെയും നിരീക്ഷിക്കാനാകുക.
അന്ന് ചന്ദ്രന്റെ ഏകദേശം 20 ശതമാനം ഭാഗം മാത്രമായിരിക്കും പ്രകാശിതമായിരിക്കുക. ഈ സാഹചര്യത്തിൽ ചന്ദ്രന്റെ അരികിലൂടെ വ്യാഴം മറയുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതും നിരീക്ഷിക്കാൻ കഴിയും.
ദൂരദർശിനിയിലൂടെ കൂടുതൽ വ്യക്തമായി കാണാം
ചന്ദ്രന്റെ പ്രകാശമുള്ള അരികിന് പിന്നിലേക്ക് വ്യാഴം മറയുന്ന നിമിഷം ദ്വിനേത്ര ദൂരദർശിനിയിലൂടെയോ ടെലിസ്കോപ്പിലൂടെയോ കൂടുതൽ വ്യക്തമായി കാണാനാകും. അതേസമയം, ചന്ദ്രന്റെ ഇരുണ്ട ഭാഗത്തുനിന്ന് വ്യാഴം വീണ്ടും പ്രത്യക്ഷപ്പെടുന്ന കാഴ്ച അനുയോജ്യമായ സാഹചര്യങ്ങളിൽ നഗ്നനേത്രങ്ങൾകൊണ്ടും നിരീക്ഷിക്കാം.
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ടെലിസ്കോപ്പിലൂടെ കാണാനുള്ള അവസരമുണ്ടാകും. അവ ചന്ദ്രന്റെ പിന്നിലേക്ക് മറയുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതും ഈ ആകാശക്കാഴ്ചയുടെ കൗതുകം വർധിപ്പിക്കും.
എന്തുകൊണ്ട് ഈ ആകാശപ്രതിഭാസം അപൂർവമാണ്?
1980നും 2040നും ഇടയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചന്ദ്രൻ വ്യാഴത്തെ മറയ്ക്കുന്ന 123 സംഭവങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഒരു പ്രത്യേക സ്ഥലത്തുനിന്ന് രാത്രിയിലോ പുലർച്ചെയോ ഈ പ്രതിഭാസം നേരിട്ട് കാണാനുള്ള അവസരം ശരാശരി 13 വർഷത്തിലൊരിക്കൽ മാത്രമാണ് ലഭിക്കുന്നത്.
വടക്കേ അമേരിക്കയിൽ 2004ന് ശേഷമുള്ള ശ്രദ്ധേയമായ വ്യാഴഗ്രഹ മറയലുകളിലൊന്നായിരിക്കും ഒക്ടോബർ 6ന് സംഭവിക്കുക. ചന്ദ്രൻ ഒരു ഗ്രഹത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന്റെ ശാസ്ത്രീയ പ്രതിഭാസം മാത്രമല്ല, ആകാശത്ത് തെളിഞ്ഞുനിൽക്കുന്ന വ്യാഴം മറഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുന്ന മനോഹരമായ കാഴ്ച കൂടിയാണിത്.
English Summary
On October 6, the Moon will pass in front of Jupiter in a rare celestial event known as a lunar occultation of Jupiter. The event will be visible from parts of the eastern and central United States and southern Canada. Jupiter will disappear behind the Moon’s illuminated edge and reappear roughly an hour later. Binoculars or a telescope can provide a clearer view of the event.
