facebook

സാംബാദ കാർട്ടൽ: മലയാളി യുവാക്കൾ മൂന്ന് വർഷമായി ജയിലിൽ

5 Min Read

ഡാർക്ക് വെബ് വഴി രാജ്യാന്തര ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധം പുലർത്തിയെന്ന കേസിൽ മലയാളികളായ ജിതിൻ ചെറിയാനും അഭിഷേക് അനിലും മൂന്ന് വർഷമായി ജയിലിൽ കഴിയുന്നു.

2023 ഏപ്രിലിൽ ഡൽഹിയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ 500 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തതിനെത്തുടർന്നാണ് മലയാളികളുൾപ്പെട്ട സംഘം അന്വേഷണ പരിധിയിലായത്.

കൊച്ചി–മൂവാറ്റുപുഴ കേന്ദ്രീകരിച്ച കെറ്റാമെലോൺ സംഘത്തിന്റെ അറസ്റ്റിന് മുൻപേ പുറത്തുവന്ന ഈ കേസിൽ ഡാർക്ക് നെറ്റ്, ക്രിപ്റ്റോകറൻസി, കുറിയർ സർവീസുകൾ എന്നിവ ഉപയോഗിച്ചുള്ള ലഹരിക്കടത്തിന്റെ രീതികളും വെളിപ്പെട്ടു.

സാംബാദ കാർട്ടൽ: രാജ്യാന്തര ലഹരിശൃംഖലയ്ക്കെതിരെ എൻസിബി

രാജ്യാന്തരതലത്തിൽ ഡാർക്ക് നെറ്റ് വഴി പ്രവർത്തിച്ചിരുന്ന സാംബാദ കാർട്ടലിനെതിരെ എൻസിബി 2023 ഏപ്രിലിലാണ് വ്യാപക പരിശോധനകൾ ആരംഭിച്ചത്. ഡൽഹി–എൻസിആർ, ഫരീദാബാദ് മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡുകളിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തു.

14,000 എൽഎസ്ഡി സ്റ്റാംപുകൾ, എംഡിഎംഎ, 26 ലക്ഷം രൂപ എന്നിവയാണ് അന്ന് പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിരുന്നത്. 21നും 25നും ഇടയിൽ പ്രായമുള്ള, ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കളായിരുന്നു ശൃംഖലയിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഡൽഹി–എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ യുവ പ്രഫഷനലുകളെയായിരുന്നു സംഘം ലക്ഷ്യം വെച്ചിരുന്നത്.

കുറിയർ പാഴ്സലിൽ കുടുങ്ങിയത് മലയാളികൾ

2023 ഏപ്രിൽ 19ന് ഡൽഹിയിലെ സമൽഖയിലുള്ള സ്വകാര്യ കുറിയർ സ്ഥാപനത്തിൽ എൻസിബി പരിശോധന നടത്തി. അവിടെനിന്ന് 28 പാഴ്സലുകളിലായി 807 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെടുത്തു.

ഗുരുഗ്രാമിലെ ‘ആസ്ക് ആൻഡ് അസോസിയേറ്റ്സ്’ എന്ന പേരിൽ അയച്ചതും അഭിഷേക് അനിലിന് ലഭിക്കേണ്ടതുമായ ഒരു പാഴ്സൽ പരിശോധിച്ചപ്പോൾ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച 500 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തി. ഇവയ്ക്ക് ആകെ 8.34 ഗ്രാം ഭാരമുണ്ടായിരുന്നു.

തുടർന്നുള്ള അന്വേഷണമാണ് മലയാളികളുൾപ്പെട്ട ലഹരിവിതരണ ശൃംഖലയിലേക്ക് എൻസിബിയെ എത്തിച്ചത്. കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ എത്തിയ പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ച എഡിസൺ ബാബുവിന്റെ നേതൃത്വത്തിലുള്ള കെറ്റാമെലോൺ സംഘവും അന്വേഷണത്തിൽ ശ്രദ്ധ നേടിയത്.

ഡാർക്ക് വെബ് വഴി ലഹരി ഓർഡർ ചെയ്ത് പുനർവിതരണംഎൻസിബി കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, രാജ്യാന്തര ലഹരിസംഘങ്ങളിൽനിന്ന് ഡാർക്ക് വെബ് വഴി എൽഎസ്ഡിയും ചരസും വാങ്ങി വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി.

പണമിടപാടുകൾക്ക് ക്രിപ്റ്റോകറൻസി ഉപയോഗിച്ചിരുന്നതായും ലഹരിമരുന്നുകൾ പോസ്റ്റ് ഓഫിസുകളും കുറിയർ സർവീസുകളും വഴി എത്തിച്ചിരുന്നതായും അന്വേഷണത്തിൽ വിവരങ്ങളുണ്ട്.

ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ വിലാസങ്ങളിലേക്ക് എത്തിയ പാഴ്സലുകൾ പിന്നീട് ഹിമാചൽ പ്രദേശിലെ കസോൾ, ബെംഗളൂരു, കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുനർവിതരണം ചെയ്തുവെന്നാണ് എൻസിബിയുടെ ആരോപണം.

ആദ്യഘട്ടത്തിൽ മൂങ്ങയുടെ വിഗ്രഹത്തിനുള്ളിൽ ഒളിപ്പിച്ച ചരസ് അടങ്ങിയ പാഴ്സൽ ലഭിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. പിന്നീട് എത്തിയ പാഴ്സലിലാണ് 500 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയത്.

ജിതിൻ ചെറിയാന്റെ പങ്കെന്ത്?

ഹിമാചൽ പ്രദേശിലെ കസോളിൽ കഫേ നടത്തിയിരുന്ന ജിതിൻ ചെറിയാനാണ് കേസിലെ പ്രധാന സൂത്രധാരനെന്നാണ് എൻസിബിയുടെ ആരോപണം. സുഹൃത്തായ അഭിഷേക് അനിലിന്റെ കാമുകിയുടെ ഗുരുഗ്രാമിലെ വാടകവീട്ടിലേക്കായിരുന്നു ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്ത എൽഎസ്ഡി സ്റ്റാംപുകൾ എത്തിച്ചിരുന്നത്.

പാഴ്സലുകൾ സ്വീകരിച്ച അഭിഷേക് അവ ജിതിനോ ജിതിൻ നിർദേശിക്കുന്ന മറ്റൊരാൾക്കോ കൈമാറുകയായിരുന്നു പതിവെന്ന് അന്വേഷണസംഘം പറയുന്നു. കുറിയർ സ്ഥാപനത്തിൽ ലഹരിമരുന്ന് പിടിച്ചെടുത്ത ദിവസം തന്നെ എൻസിബി അഭിഷേകിനെ കസ്റ്റഡിയിലെടുത്തു.

താൻ ലഹരിമരുന്ന് ഓർഡർ ചെയ്തെന്നോ അതിനായി പണം നൽകിയെന്നോ തെളിയിക്കുന്ന രേഖകളില്ലെന്നാണ് ജിതിൻ ഡൽഹി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വാദിച്ചത്. അഭിഷേകുമായുള്ള സംഭാഷണങ്ങളിൽ പിടിച്ചെടുത്ത പാഴ്സലിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഭാരം, പരിശോധനയ്ക്കായി സാമ്പിളെടുത്ത ഭാരം, ലാബിലേക്ക് അയച്ച ഭാരം എന്നിവ തമ്മിൽ വൈരുധ്യമുണ്ടെന്നും അതിനാൽ ലാബ് റിപ്പോർട്ട് അംഗീകരിക്കരുതെന്നും ജിതിൻ വാദിച്ചു.പാഴ്സൽ ഏറ്റുവാങ്ങാൻ എത്തിയ വ്യക്തിയെ പ്രതിയാക്കാതെ സാക്ഷിയാക്കിയതും മറ്റ് രണ്ടുപേരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംബാദ കാർട്ടലിനോ മറ്റ് വ്യക്തികൾക്കോ പണം കൈമാറിയതിന് തെളിവില്ലെന്നും അറസ്റ്റിലായതുമുതൽ ജാമ്യം ലഭിക്കാതെ തടവിലാണെന്നും ജിതിൻ കോടതിയിൽ അറിയിച്ചു.ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന ജിതിന്റെ ഹർജിയിൽ പട്യാല ഹൗസ് സെഷൻസ് കോടതി വിധി പറയാനിരിക്കുകയാണെന്നാണ് നൽകിയ വിവരങ്ങളിലുള്ളത്.

നിരപരാധിത്വം വാദിച്ച് അഭിഷേക് അനിൽ

ജിതിൻ ഓർഡർ ചെയ്യുന്ന പാഴ്സലുകൾ സ്വീകരിച്ചുനൽകുന്ന വ്യക്തി എന്ന നിലയിലാണ് താൻ കേസിൽ ഉൾപ്പെട്ടതെന്നാണ് അഭിഷേകിന്റെ വാദം. കാമുകിയുടെ പേരിലുള്ള ഗുരുഗ്രാമിലെ വാടകവീട്ടിലേക്ക് എത്തിയ പാഴ്സലുകൾ കൈപ്പറ്റുകയും ജിതിന്റെ നിർദേശപ്രകാരം വാട്സാപ് വഴി ആശയവിനിമയം നടത്തി സ്റ്റാംപുകൾ എണ്ണി സൂക്ഷിക്കുകയും ചെയ്തുവെന്നാണ് എൻസിബി രേഖകളിൽ പറയുന്നത്.

പിന്നീട് ജിതിൻ അയക്കുന്ന വ്യക്തിക്ക് കൈമാറുന്നതിനായി പാഴ്സലുകൾ തയ്യാറാക്കി വയ്ക്കുകയായിരുന്നു അഭിഷേകിന്റെ പങ്കാളിത്തമെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. എന്നാൽ പാഴ്സൽ തന്റെ സ്വന്തം വിലാസത്തിലല്ല എത്തിയതെന്നും സുഹൃത്തിന്റെ വിലാസമാണ് ഉപയോഗിച്ചതെന്നും അഭിഷേക് വാദിച്ചു.

കുറിയർ ബുക്കിങ്ങിന് ആവശ്യമായ ആധാർ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും എൻസിബി കസ്റ്റഡിയിലിരിക്കെയാണ് ഫോണിൽനിന്ന് സന്ദേശങ്ങൾ അയപ്പിച്ചതെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റിലായതുമുതൽ ജാമ്യമില്ലാതെ തടവിലാണെന്ന കാര്യവും അഭിഷേക് ജാമ്യാപേക്ഷയിൽ ഉന്നയിച്ചു.

സാംബാദ കാർട്ടൽ കേസ്: ജാമ്യം നിഷേധിച്ചതിന് കാരണം

2024ലും 2025ലുമാണ് ജിതിന്റെയും അഭിഷേകിന്റെയും ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി വെവ്വേറെ പരിഗണിച്ചത്. ജിതിനൊപ്പം ജാമ്യാപേക്ഷ നൽകിയ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവർക്കും ആ ആനുകൂല്യം ലഭിച്ചില്ല.

കേസിൽ പിടിച്ചെടുത്ത 500 എൽഎസ്ഡി സ്റ്റാംപുകളുടെ ആകെ ഭാരം 8.34 ഗ്രാം ആയിരുന്നു. എൽഎസ്ഡിയുടെ വാണിജ്യ അളവായ 0.1 ഗ്രാമിനെക്കാൾ ഇത് ഏറെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 37 പ്രകാരമുള്ള കർശന ജാമ്യവ്യവസ്ഥകൾ ബാധകമാണെന്ന് വ്യക്തമാക്കി.

പ്രതികൾ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ, കോൾ റെക്കോർഡുകൾ, ജിതിന്റെ ഫോണിൽനിന്ന് ലഭിച്ച ലഹരിമരുന്നുകളുടെ ചിത്രങ്ങൾ എന്നിവ കേസിൽ ഇരുവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളാണെന്നും കോടതി നിരീക്ഷിച്ചു.

മറ്റ് ചില പ്രതികളിൽനിന്ന് പരമാവധി 50 സ്റ്റാംപുകൾ മാത്രമാണ് പിടിച്ചെടുത്തിരുന്നത്. എന്നാൽ 500 സ്റ്റാംപുകളുമായി ബന്ധപ്പെട്ട കേസിൽ പ്രധാന കണ്ണികളെന്ന് ആരോപിക്കപ്പെടുന്ന ജിതിനും അഭിഷേകിനും അതേ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കോടതി ഹർജികൾ തള്ളിയത്.

English Summary:The Sambad Cartel investigation exposed an alleged international drug trafficking network that used the dark web, cryptocurrency and courier services to distribute narcotics. In April 2023, the Narcotics Control Bureau seized 807 LSD stamps from 28 parcels at a private courier facility in Samalkha, Delhi. One parcel contained 500 LSD stamps weighing 8.34 grams, hidden inside a book and addressed to a recipient linked to Abhishek Anil. The investigation led to the arrest of Abhishek and Jithin Cherian, who allegedly coordinated parcel collection and redistribution. Both denied key allegations and challenged the evidence. The Delhi High Court rejected their bail pleas in separate proceedings in 2024 and 2025, citing the quantity seized, alleged communications between the accused and the strict bail conditions under Section 37 of the NDPS Act.

Share This Article