കോഴിക്കോട് : മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ (35) നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരത്തിന് സമീപം തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ നിയന്ത്രണം വിട്ട് റോഡിലൂടെ പോയിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. കാറുകളിലും ബൈക്കിലുമാണ് വാഹനം ഇടിച്ചത്.
അശ്വന്ത് കോക്ക് ഓടിച്ച ഥാർ വാഹനങ്ങളിൽ ഇടിച്ചു
അപകടസമയത്ത് അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ നടക്കാവ് പോലീസ് അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുക്കുകയും മഹീന്ദ്ര ഥാർ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
മദ്യത്തിന്റെ അളവ് പരിശോധിക്കാൻ ആശുപത്രിയിലെത്തിച്ചു
അതേസമയം, പോലീസുകാരോടും നാട്ടുകാരോടും അശ്വന്ത് കോക്ക് തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കുന്നതിനായി പോലീസ് അശ്വന്ത് കോക്കിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചു.
അപകടകരമായ ഡ്രൈവിങ്ങിൽ പോലീസ് കേസ്
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനുമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ സാഹചര്യങ്ങളും വാഹനമോടിച്ച സമയത്തെ മദ്യത്തിന്റെ അളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കുന്നുണ്ട്.
English summary:YouTuber Ashwanth Kok, 35, was taken into custody by Nadakkavu Police in Kozhikode following an alleged drunk-driving incident. His Mahindra Thar reportedly lost control near Sarovaram in Eranjipalam on Monday night and hit around three vehicles, including cars and a bike. Police took him into custody and shifted the vehicle to the station. He was later taken to Kozhikode Beach Hospital to test his blood alcohol level. A case has been registered for drunk driving and dangerous driving, and an investigation is underway.
