തടസരഹിത ടോൾ പ്ലാസ സംവിധാനം തമിഴ്നാട്ടിലും പ്രവർത്തനം തുടങ്ങി. ചെന്നൈ–തിരുച്ചിറപ്പള്ളി ഹൈവേയിലെ (എൻഎച്ച് 179B) പരനൂരിലാണ് സംസ്ഥാനത്തെ ആദ്യ തടസരഹിത ടോൾ പ്ലാസ തുറന്നത്. പുതിയ സംവിധാനത്തിൽ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ തുക ഈടാക്കും.
ദേശീയപാത അതോറിറ്റിയാണ് ഇതിനായി മൾട്ടി ലൈൻ ഫ്രീ ട്രാവൽ (MLFF) സംവിധാനം അവതരിപ്പിച്ചത്. ഇതോടെ ടോൾ ബൂത്തിലെ കാത്തിരിപ്പും ഗതാഗതക്കുരുക്കും ഒഴിവാക്കുകയാണ് ലക്ഷ്യം.
തടസരഹിത ടോൾ പ്ലാസയിൽ ഫാസ്റ്റ്ടാഗ് മതി
വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ഫാസ്റ്റ്ടാഗ് ഉപയോഗിച്ചാണ് ടോൾ തുക ഈടാക്കുക. ഇതിനൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സംവിധാനവും പ്രവർത്തിക്കും.
വാഹനം നിർത്താതെ തന്നെ ഫാസ്റ്റ്ടാഗ് റീഡ് ചെയ്യുന്നതിനായി അതിവേഗ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലും വാഹനങ്ങളെ സ്കാൻ ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്.
ക്യാമറ നമ്പർ പ്ലേറ്റ് തിരിച്ചറിയും; തുക തനിയെ കുറയും
ANPR സംവിധാനത്തിലൂടെ വാഹനത്തിന്റെ വിവരങ്ങൾ തത്സമയം ലഭിക്കും. തുടർന്ന് ബന്ധപ്പെട്ട ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക ഓൺലൈനായി കുറയ്ക്കും.
ഇതോടെ ടോൾ പിരിവിനായി വാഹനം തടഞ്ഞുനിർത്തേണ്ട സാഹചര്യം ഒഴിവാകും. കൂടാതെ യാത്രാ സമയം കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സാധിക്കും.
രാജ്യവ്യാപകമായി ടോൾ ബൂത്തുകൾ ഒഴിവാക്കാൻ ലക്ഷ്യം
രാജ്യവ്യാപകമായി വാഹനങ്ങൾ തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയം ലക്ഷ്യമിടുന്നത്.
അതേസമയം, രാജ്യത്തെ ആദ്യ തടസരഹിത ടോൾ പ്ലാസ നേരത്തെ സൂറത്ത്–ഭറൂച്ച് ദേശീയപാതയിൽ തുറന്നിരുന്നു. പരനൂരിലെ പുതിയ സംവിധാനം രാജ്യത്ത് ടോൾ പിരിവ് കൂടുതൽ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമാണ്.
